ദുബായ്:  അമേരിക്കയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ മാറ്റം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് ദുബായിയിലെത്തും. ഒരാഴ്ച ദുബായിൽ തങ്ങുന്ന മുഖ്യമന്ത്രി യു എ ഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായി യു എ ഇയിൽ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമം.

പിന്നീട് വിവിധ എമിറേറ്റുകൾ സന്ദർശിക്കുന്ന പിണറായി വിജയൻ യു എ ഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്‌കരണങ്ങൾ, ഡിജിറ്റൽ വൽക്കരണം, നടപടിക്രമങ്ങളിലെ ലളിതവൽക്കരണമെല്ലാം ബോധ്യപ്പെടുത്തും. അടുത്തമാസം നാലിന് ദുബൈ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയിനിൽ കേരള സ്റ്റാളിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

എക്‌സപോയിൽ ആറുദിവസമാണ് കേരളത്തിൻറെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി അടുത്തമാസം അഞ്ച് ആറ് തിയതികളിൽ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുബായിൽ നടത്തും.

അറബ്, രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തിയും മലയാളി വ്യവസായികളെ ഉൾപ്പെടുത്തിയമായിരിക്കും സമ്മേളനങ്ങൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്  കെ എസ് ഐ ഡി സി എംഡി രാജമാണിക്യം കഴിഞ്ഞദിവസം ദുബായിലെത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യ സഭാഗം ജോൺ ബ്രിട്ടാസ് തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുക്കും. അഞ്ചാം തിയതി ദുബായി അൽ നാസർ ലെഷർലാൻറിൽ മലയാളി സമൂഹവുമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിൽ സർക്കാർ അനുമതിക്ക് കാത്തിരിക്കുകയാണ് സംഘാടകർ.

LEAVE A REPLY

Please enter your comment!
Please enter your name here