കണ്ണൂർ: ബക്കളത്തെ പാർഥാസ് കൺവെൻഷൻ സെന്റർ ഉടമയും വ്യവസായ സംരംഭകനുമായ കക്കാട് കൊറ്റാളി പാറയിലെ സാജനു ശേഷം മറ്റൊരു വ്യവസായ സംരംഭകൻ കൂടി കണ്ണൂരിൽ ജീവനൊടുക്കി. തിരിച്ചു നൽകാനുള്ള പണം നൽകിയിട്ടും തന്റെ ഭർത്താവിനെ ബ്ലേഡ് മാഫിയാ സംഘം മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പോലീസ് നടപടിയെടുത്തില്ലെന്നും ഭർത്താവ് ജീവനൊടുക്കാൻ കാരണം പൊലീസിന്റെ നിഷ്‌ക്രിയത്വമാണെന്നും ഭാര്യ സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. വളപട്ടണം പുഴയിൽ യുവ വ്യവസായ സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയും കുടുംബാംഗങ്ങളും രംഗത്തുവന്നത്.

നിരന്തരം ശല്യപ്പെടുത്തുന്ന ബ്ലേഡ് മാഫിയക്കെതിരെ പരാതി നൽകിയിട്ടും പോലീസ് ചെറുവിരൽ പോലും അനക്കിയില്ലെന്നാണ് ഭാര്യയും മകനും ആരോപിക്കുന്നത്. ജനുവരി 19 നാണ് കണ്ണൂർ ചാലാട് താമസിക്കുന്ന കൊല്ലം സ്വദേശി സന്തോഷ് കുമാർ വളപട്ടണം പുഴയിൽ ചാടി ജീവനൊടുക്കിയത്. കണ്ണൂർ യോഗശാലയിൽ നിന്നും ഓട്ടോറിക്ഷ പിടിച്ചു വളപട്ടണം പാലത്തിലെത്തിയ സന്തോഷ് ചെരിപ്പൂരിവെച്ചതിനു ശേഷം പുഴയിലേക്കെടുത്തു ചാടുകയായിരുന്നു.

കേരളത്തിലൂടനീളം വിവിധ ഉപകരണ സാമഗ്രികളുടെ എക്സിബിഷൻ സംഘടിപ്പിക്കുന്നതായിരുന്നു സന്തോഷിന്റെ സംരംഭം. കടയുടെ ആവശ്യത്തിനായി 10 ലക്ഷം രൂപ ബ്ലേഡുകാരിൽ നിന്നും വായ്പയെടുത്തിരുന്നു. പണം കൈമാറുന്ന സമയത്ത് സന്തോഷിന്റെയും ഭാര്യ പ്രിൻസിയുടെയും പേരിലുള്ള ബ്ലാങ്ക് ചെക്ക് ബ്ലേഡുകാർ കൈവശപ്പെടുത്തിയിരുന്നു. എന്നാൽ പണം തിരിച്ചു കൊടുത്തുവെങ്കിലും ചെക്ക് തിരികെ നൽകാൻ ബ്ലേഡുകാർ തയ്യാറായില്ല.

പണം തിരിച്ചടച്ചതിന്റെ രേഖകൾ മുഴുവൻ പൊലീസിനു നൽകിയെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് സന്തോഷിന്റെ ഭാര്യ പ്രിൻസി ആരോപിച്ചു. ബ്ലേഡ് സംഘം ഭർത്താവിനെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രിൻസി ആരോപിച്ചു. സന്തോഷിന്റെ കണ്ണൂർ യോഗശാലയിലുള്ള കടയിൽ വന്ന് നിരന്തരം അവർ പ്രശ്നമുണ്ടാക്കിയിരുന്നു. നിന്റെയും ഭാര്യയുടെയും ചെക്ക് ഞങ്ങളുടെ കൈവശമുണ്ട്. അതുവെച്ചു കളിച്ചോളാമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം വ്യക്തമാക്കി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിൽ തന്റെ ഭർത്താവ് എഴുതിയിട്ടുണ്ടെന്നും പ്രിൻസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here