രാജേഷ് തില്ലങ്കേരി


കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസാർത്ഥം അമേരിക്കയിലേക്ക് വിമാനം പിടിച്ചു പോയത് ജനുവരി പതിനഞ്ചിനായിരുന്നു. മയോ ക്ലിനിക്കിലെ ചികിൽസ കഴിഞ്ഞ് 29 ന് രാവിലെ അനന്തപുരിയെലെത്തുമെന്നായിരുന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്. കൊവിഡ് കാലത്ത് നാട്ടിലെല്ലാം ഓൺലൈൻ പഠനം, വർക്ക് അറ്റ് ഹോം, സൂം മീറ്റിംഗും ഒക്കെ സർവ്വസാധാരണമായൊരു കാലത്താണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോവുന്നത്. രാജ്യഭരണം ഇപ്പോൾ ഓൺലൈനിലൂടെ നടത്താമെന്ന് നമ്മുടെ മുഖ്യമന്ത്രി തെളിയിച്ചിരിക്കയാണ്.


തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ കുത്തിയിരുന്നാലേ ഭരണ കാര്യങ്ങൾ തീരുമാനിക്കാൻ പറ്റൂ എന്ന അബന്ധ ധാരണയൊക്കെ മാറ്റിയെടുക്കാൻ നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രിക്ക് കഴിഞ്ഞു, ലാൽ സലാം സഖാവേ…


മന്ത്രിമാരെയെല്ലാം ഓൺലൈനിലൂടെ കണ്ട് നിർദ്ദേശങ്ങൾ നനൽകുന്നു, അമേരിക്കയിലെ മയോ ക്ലിനിക്കിന്റെ കിളിവാതിലിലൂടെ നോക്കുമ്പോൾ പിണറായി സഖാവ്  കേരളമാണ് കാണുന്നത്. അഭ്യന്തരം മുതൽ പി ആർ ഡി വരെയുള്ള നിരവധി വകുപ്പുകളാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പ് തലവന്മാർക്കുള്ള നിർദ്ദേശം, കൊവിഡ് അവലോകനം തുടങ്ങി കെ റെയിലിന്റെ സർവ്വേക്കുറ്റി നാട്ടുന്നത് പോലും മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് കാണുകയും നിർദ്ദേശം കൊടുക്കുകയും ചെയ്തുവെന്നാണ് പറഞ്ഞു കേൾക്കുന്നത്.

അമേരിക്കയിൽ നിന്നും നേരെ കേരളത്തിലേക്ക് പോകാൻതന്നെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാൽ കേരളത്തിൽ കൊവിഡ് വർദ്ധിച്ച സാഹചര്യത്തിൽ വിദേശത്തുനിന്നും വരുന്നവർക്ക് ഒരാഴ്ച നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയതാണ് യാത്ര ദുബൈയിലേക്കായതെന്നാണ് ഏഷണിക്കാരുടെ ഒരു കണ്ടെത്തൽ. അതല്ല സ്ഥിരമായി മുണ്ടുടുക്കുന്നവർ പെട്ടെന്നൊരു ദിവസം പാന്റ് ധരിക്കുന്നതിനെതിരെ കണ്ണൂരിലെ ജയരാജന്മാർ നടത്തുന്ന പ്രചരണമാണ് അമേരിക്കയിൽ നിന്നും പാന്റുധരിച്ച് വരികയായിരുന്ന മുഖ്യന്റെ ഫ്‌ളൈറ്റ് ദുബായിലേക്ക് തിരികെ വിടാൻ പ്രേരിപ്പിച്ചതെന്നും പറഞ്ഞു കേൾക്കുന്നുണ്ട്.

എന്നാൽ അതൊന്നുമല്ല ദുബൈയ് യാത്രയുടെ പിന്നാമ്പുറ കഥകളെന്നാണ് മറ്റൊരു കൂട്ടം പറയുന്നത്. വിവാദമായ നയതന്ത്രബാഗിലെ സ്വർണക്കടത്ത് കേസ് വീണ്ടും പൊക്കിയെടുക്കാനുള്ള കസ്റ്റംസിന്റെ നീക്കവും അറ്റാഷയെയും മറ്റും ചോദ്യം ചെയ്യാനുള്ള അനുമതിയും മുഖ്യമന്ത്രിയുടെ ദുബൈ യാത്ര കൂട്ടിവായ്ക്കണമെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആരോപണം.

എന്തായാലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതും, ആരോഗ്യവകുപ്പിന്റെ വീഴ്ചയും വലിയ വിവാദമായ സാഹചര്യം, ലോകായുക്തയുടെ ചിറകരിയൽ തുടങ്ങി വിവിധ വിഷയങ്ങളിലൂടെയാണ് കേരളം കടന്നു പോവുന്നത്. എന്തായാലും കാര്യങ്ങളിൽ ഒരു വ്യക്തത വരുന്നതുവരെ മുഖ്യമന്ത്രി കേരളത്തിൽ എത്തില്ലെന്ന് ഉറപ്പാണ്. ഓൺലൈനിൽ കേരളം തുടർന്നും ഭരിക്കുമെന്ന് സാരം.

ഇടതുമുന്നണിയിൽ സി പി ഐ ആരാണ്  ?

ഇടതുമുന്നണിയിൽ കേവലം ഒരു ഘടക കക്ഷിമാത്രമാണോ  സി പി ഐ, അല്ലെന്നാണ് സഖാവ് കാനത്തിന്റെ പ്രതികരണം. സി പി എം വല്യേട്ടനാണെങ്കിൽ സി പി ഐ കുഞ്ഞേട്ടനാണ്. കമ്യൂണിസ്റ്റ് പാരമ്പര്യം ഇപ്പോഴും മുറുകെ പിടിക്കുന്നവരാണ് സി പി ഐക്കാർ എന്നാണ് വെപ്പ്. എന്നാൽ ഒരു നയപരമായ വിഷയത്തിൽ തീരുമാനം എടുക്കുമ്പോൾ അത് മുന്നണിയിൽ ചർച്ച ചെയ്യുകയെന്ന മാന്യത സി പി എം കാണിച്ചില്ലെന്ന പരാതിയാണ് സഖാവ് കാനം ഉന്നയിച്ചിരിക്കുന്നത്. 
കുറേ കാലമായി കാനം പിണറായിയുടെ മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണെന്നായിരുന്നു പരാതി. എന്നാൽ ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്നതിനുള്ള ഓർഡിനൻസിൽ കാനം തന്റെ തനി സ്വഭാവം പുറത്തെടുത്തു. മുന്നണിയിൽ ചർച്ച ചെയ്യാതെയുള്ള ഓർഡിനൻസ് ശരിയായ നടപടിയല്ലെന്ന് പരസ്യമായി അങ്ങ് പറഞ്ഞുകളഞ്ഞു കാനം സഖാവ്. 
 
സി പി ഐ മന്ത്രിമാരെയും സഖാവ് തള്ളി. മന്ത്രിസഭായോഗത്തിൽ ഇത്തരം നീക്കം ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിൽ എന്തുകൊണ്ട് എതിരഭിപ്രായം രേഖപ്പെടുത്തിയില്ലെന്നായി നാല് മന്ത്രിമാരോടും കാനത്തിന്റെ ചോദ്യം. പിണറായി പേടിയിൽ കാനം പോലും അകപ്പെട്ടിരിക്കയാണെന്ന് അറിയാവുന്ന മന്ത്രിമാരെ ഇക്കാര്യത്തിൽ മാത്രം കുറ്റം പറയാൻ കഴിയില്ലല്ലോ. എന്തായാലും കാനം ഗോൾപോസ്റ്റിൽ കയറി ഗോളടിച്ചിരിക്കയാണ്.  

ലോകായുക്തയെ ആർക്കാണ് ഭയം

അഴിമതിരഹിതമായ ഭരണം ആഗ്രഹിക്കുന്നവരാണ് വോട്ടർമാർ. ലോക്പാൽ ബിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ലോകശ്രദ്ധപിടിച്ചുപറ്റിയ സമരം നടന്നത് ആരും മറന്നിരിക്കില്ല. അണ്ണാഹസാരെയുടെ ഉണ്ണാസമരം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ഒടുവിൽ ലോക്പാൽ ബിൽ അവചതരിപ്പിക്കാൻ സർക്കാർ നിർബന്ധിതരായി.

ഡൽഹിയിൽ ഈ സമരം നടക്കുന്നതിനും വർഷങ്ങൾക്ക് മുൻപ്, കൊച്ചു കേരളത്തിൽ അഴിമതികേസുകൾ ഇഴകീറി പരിശോധിക്കാനായി സംവിധാനം ഉണ്ടാക്കിയിരുന്നു. അതാണ് ലോകായുക്ത. സഖാവ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് ഈ സംവിധാനം നിലവിൽ വന്നത്. കാലം ഏറെ കഴിഞ്ഞു. അന്നത്തെ മന്ത്രിയായിരുന്ന കെ ടി ജലീൽ ഉൾപ്പെട്ട ബന്ധുനിയമന വിവാദത്തിലാണ് ലോകായുക്ക അവസാനമായി വിധി പറഞ്ഞത്. 
ജലീൽ തെറ്റുകാരനാണ് എന്ന്. മന്ത്രിസഭയുടെകാലാവധി അവസാക്കാൻ ഏറെ ദിവസങ്ങളുണ്ടായിരുന്നില്ല, അന്ന്. എന്നിട്ടും കെ ടി ജലീലിന് രാജിവച്ചൊഴിയേണ്ടിവന്നു. അപ്പോഴും ലോകായുക്തയെ ഭരണ പക്ഷക്കാർ ഭയന്നില്ല, എന്നാൽ കഥ മാറുന്നത് പിന്നീടാണ്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 10 ലക്ഷം നൽകിയതും, കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച വാഹനം ഇടിച്ചു മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയതും മറ്റും ലോകായുക്തയുടെ പരിഗണനയിലുള്ള കേസുകളാണ്. 
 
കണ്ണൂർ സർവ്വകലാശാലയിൽ വി സി നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചതാണ് ലോകായുക്തയുടെ പരിഗണനയിലുള്ള കേസ്. ഈ കേസുകളിൽ എതിർവിധിയുണ്ടായാൽ അത് മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണം ശരിവെക്കേണ്ടിവരും.  ഇത് വലിയ തിരിച്ചടിയാണ് സർക്കാരിന് ഉണ്ടാക്കുക. ഇതാണ് തിരക്കപ്പിടിച്ച് തീരുമാനം കൈക്കൊള്ളാൻ കാരണം. തിരക്കിട്ട് ഓർഡിനൻസ് ഇറക്കി, ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം. എന്നാൽ പ്രതിപക്ഷവും, സി പി ഐയും ശക്തമായി എതിർത്തതോടെ പ്രതിസന്ധിയിലായിരിക്കയാണ് സർക്കാർ.


മുഖ്യമന്ത്രിയും സി പി എമ്മും കൈവിട്ടിട്ടും കെ ടി ജലീലിന്റെ  എഫ്‌ബി പോരാട്ടം ആർക്കുവേണ്ടി ?


മുൻമന്ത്രി കെ ടി ജലീൽ ലോകായുക്തയ്‌ക്കെതിരെ നടത്തുന്ന ആക്രമണം തുടരുകയാണ്. എന്തായാലും ലോകായുക്തയുടെ ചിറകരിയാനുള്ള നീക്കം ജസ്റ്റിസ് സിറിയക് ജോസഫിനെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് വ്യക്തമാക്കിയിരിക്കയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓർഡിനൻസുമായി സി പിഎം നീക്കം നടത്തുന്നതിനിടയിലാണ് കെ ടി ജലീൽ ആയുധവുമായി ചാടി വീണിരിക്കുന്നത്. യു ഡി എഫ് നേതാവിനെ ഒരു കേസിൽ രക്ഷിച്ചത് ജസ്റ്റിസ് സിറിയക്  ജോസഫ് ആണെന്നും അതിന് പ്രത്യുപകാരമായി സഹോദര ഭാര്യയ്ക്ക് മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ്. ചാൻസിലർ പദവി ചോദിച്ച് വാങ്ങിയെന്നുമായിരുന്നു കെ ടി ജലീലിന്റെ ആദ്യ ആരോപണം. കേസ് ഐസ്‌ക്രീം പെൺവാണിഭ കേസാണെന്നും, യു ഡി എഫ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും സൂചനകൾ നൽകിയാണ് കെ ടി ജലീൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. സിസ്റ്റർ അഭയാകേസ് അട്ടിമറിക്കാൻ ഇടപെട്ടതും ഇതേ ന്യായാധിപനാണ് എന്നും കെ ടി ജലീൽ തുടർ പോസ്റ്റിൽ ആരോപിക്കുന്നു.

തനിക്കെതിരെയുള്ള കേസിൽ പ്രകാശ വേഗതയിൽ വിധിപുറപ്പെടുവിച്ചത് എൽ ഡി എഫിനെ അസ്ഥിരപ്പെടുത്താനായിരുന്നു എന്നും, സത്യം വിളിച്ചുപറഞ്ഞതിന്റെ പേരിൽ തൂക്കിക്കൊല്ലട്ടേയെന്നുമാണ്  ഫെയിസ് ബുക്കിൽ കെ ടി ജലീൽ എം എൽ എ കുറിച്ചിരിക്കുന്നത്.  കെ ടി ജലീൽ സ്വന്തം അഭിപ്രായമാണ് പറഞ്ഞതെന്നാണ് സി പി ഐ നേതാന് കാനം പറയുന്നത്. വ്യക്തിയാണ് ജലീൽ എന്നും പ്രസ്ഥാനമൊന്നും അല്ലല്ലോ എന്നാണ് കാനത്തിന്റെ പ്രതികരണം. ശരിയാണ് കെ ടി ജലീൽ ഒരു പാർട്ടിയിലും അംഗമല്ല, സി പി എം സഹയാത്രികനാണ്. സഹയാത്രികന് എന്തും പറയാം, യാത്ര എങ്ങോട്ടുവേണമെങ്കിലും ആവാം. ഇപ്പോഴത്തെ പ്രതിഷേധം അതൊന്നുമല്ല, രണ്ടാം പിണറായി സർക്കാരിൽ അംഗമാവാൻ കഴിയാതെ പോയത് ബന്ധുനിയമന വിവാദത്തിൽ ഉണ്ടായ ലോകായുക്ത വിധിയെതുടർന്ന് അവസാന റീച്ചിൽ രാജിവച്ചൊഴിയേണ്ടിവന്നതാണെന്ന ഹൃദയം തകർക്കുന്ന സത്യം ഓർത്തോർത്താണെന്നതാണ് സത്യം.
 
 വ്യക്തിപരമായ അധിക്ഷേപം മാത്രമല്ല, ഹൈക്കോടതിയുടെ വിധിയെ ആണ് കെ ടി ജലീൽ വെല്ലുവിളിച്ചിരിക്കുന്നത്. കെ ടി ജലീൽ മുൻ മന്ത്രിയും നിയമത്തെകുറിച്ച് വ്യക്തമായ അറിവുള്ളയാളും കോളജ് അധ്യാപകനുമാണ്. എന്തായാലും സി പി എമ്മിന് കെ ടി ജലീൽ ബാധ്യതയായി മാറിയിട്ടുണ്ട് എന്നത് സത്യമാണ്. പി കെ കുഞ്ഞാലിക്കുട്ടിയെ പൂട്ടാനായി ഇറങ്ങിത്തിരിച്ച് മുഖ്യമന്ത്രിയുടെ ശകാരം നേരത്തെ വാങ്ങിയതിന് ശേഷം കുറച്ചുകാലം മൗനത്തിലായിരുന്നു മലപ്പുറം സുൽത്താൻ. വീണ്ടും ഇറങ്ങിയതിന്റെ ലക്ഷ്യം എന്താണെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
എന്തായാലും കോടതിയലക്ഷ്യത്തിനുള്ള കേസുമായി കെ ടി ജലീലിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരിക്കയാണ്.


ഒടുവിൽ ഫോണുകൾ  കോടതിയിൽ സമർപ്പിച്ചു, ഇനിയെന്താവും ദിലീപിന്റെ വിധി


നടിയെ ആക്രമിച്ച കേസിലെ  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവുകളായ പ്രതികളുടെ മൊബൈൽ ഫോണുകൾ രജിസ്ട്രാർ ജനറലിൻറെ ഓഫീസിൽ ഹാജരാക്കി. ആറ് ഫോണുകളാണ് കൈമാറിയത്. ദിലീപിന്റെ  മൂന്ന് ഫോണുകൾ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ അറിയില്ലെന്നാണ് ദിലീപിൻറെ നിലപാട്. സഹോദരൻ അനൂപിന്റെ രണ്ട് ഫോണും ബന്ധു അപ്പുവിന്റെ ഫോൺ ഉൾപ്പടെ ആറ് ഫോണുകൾ കൈമാറി.

ഫോൺ നൽകാനാവില്ലെന്നായിരുന്നു ദിലീപിന്റെ നിലപാട്. എന്നാൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ കഴിഞ്ഞ ദിവസം കോടതി ദിലീപിനോടും കൂട്ടി പ്രതികളോടും ഫോൺ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. മൊബൈൽ ഫോൺ സ്വകാര്യതയാണെന്ന ദിലീപിന്റെ വാദം തള്ളിയാണ് ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. അംഗീകൃത ഏജൻസികൾക്ക് മൊബൈൽ ഫോൺ കണ്ടുകെട്ടാനും പരിശോധനക്ക് അയക്കാനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ദിലീപ് ഉപയോഗിച്ച മൂന്ന് ഫോണുകൾ, അനിയൻ അനൂപിൻറെ കൈവശമുള്ള രണ്ട് ഫോണുകൾ, മറ്റൊരു ബന്ധുവിൻറെ കൈവശമുള്ള ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച കവറിൽ സമർപ്പിച്ചത്. ദിലീപ് തന്നെ സ്വകാര്യ ഫോറൻസിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകൾ ഞായറായ്ച  രാത്രി കൊച്ചിയിൽ തിരിച്ചിറങ്ങുകയായിരുന്നു.  

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെത്തൽ. എറണാകുളം എം ജി റോഡിലെ ഒരു ഫ്‌ളാറ്റിൽ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. തൻറെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിൻറെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. നിരവധി ആരോപണങ്ങളാണ് ദിലീപ് അന്വേഷണ സംഘത്തിനെതിരെ ഉയർത്തിയിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ് ദിലീപിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എല്ലാം അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് വീണ്ടും കേസ് ഗതിമാറി വിവാദങ്ങളിലൂടെ സഞ്ചരിക്കുന്നത്.

വാൽകഷണം :
 
മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിശ്ചിതയോഗ്യതപോലുമില്ലാതെ യൂണിയൻ പ്രവർത്തകയെ ഉന്നത സ്ഥാനത്ത് എത്തിച്ചതായി ആരോപണം. കൈക്കൂലി കേസിൽ പിടിക്കപ്പെട്ടതോടെയാണ് ഈ നിയമന തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here