കൊച്ചി : കോവിഡ് രോഗികൾക്കു ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ എപ്പിഡെമിക് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സ തേടിയെത്തുമ്പോൾ  കോവിഡ് പോസിറ്റീവായതിന്റെ പേരിൽ ഒരാളെ പോലും തിരിച്ചയക്കരുതെന്നും അങ്ങനെ ഉണ്ടായാൽ ആ ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

    എറണാകുളം ജില്ലയിലെ കോവിഡ് സാഹര്യത്തിൽ നിലവിലെ പ്രവർത്തനങ്ങളും തുടർ നടപടികളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തിയ ഓൺലൈൻ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
 
      സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് വേണ്ടി മാറ്റിവയ്ക്കണം. അതോടൊപ്പം മറ്റ് ചികിത്സയും നൽകണം. ഓരോ ദിവസവും സർക്കാർ, സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ ഐസിയു, ഓക്‌സിജൻ കിടക്കകൾ ഉൾപ്പെടെ എത്ര കിടക്കകൾ ഉണ്ടെന്ന വിവരം ജനപ്രതിനിധികൾക്ക് നൽകണം. സർക്കാർ ആശുപത്രികളിൽ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗിക്കണം.

എറണാകുളം ജില്ലയിൽ സർക്കാർ ആരോഗ്യമേഖലയിൽ അടിയന്തരമായി 497 പേരെ നിയമിക്കും. ആശുപത്രികളിൽ 429 പേരെയും ലാബുകളിൽ 68 പേരെയുമാണ് നിയമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ 13 ഒഴിവിൽ പി എസ് സി ലിസ്റ്റായിട്ടുണ്ട്. ഫാർമസിസ്റ്റ് പ്രതിക്ഷിത ഒഴിവുകൾ കണക്കാക്കി പി എസ് സി ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

     കോവിഡ് പോസിറ്റിവായ കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചെയ്യുന്നതിന് എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഗർഭിണികൾ കോവിഡ് പോസിറ്റിവാണെങ്കിലും ആശുപത്രികളിൽ  പ്രത്യേകമായി ചികിത്സ നൽകണം. നിലവിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് മാത്രമായി മട്ടാഞ്ചേരി, അങ്കമാലി സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. കോവിഡ് ബാധിതരായവർക്ക് ഡയാലിസിസ് ചെയ്യുന്നതിന് കളമശേരി മെഡിക്കൽ കോളജ്, ആലുവ ആശുപത്രി എന്നിവിടങ്ങിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതൽ പേർക്ക് ഡയാലിസിന് സൗകര്യമൊരുക്കാൻ ജില്ലാ മെഡിൽ ഓഫിസർ, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ എന്നിവർക്ക് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളിൽ ഡയാലിസിന് ചെയ്യുന്നവരിൽ കോവിഡ് വന്നാൽ അവർക്ക് പ്രത്യേക സൗകര്യം അതത് ആശുപത്രികൾ ലഭ്യമാക്കണം.

    മരുന്നിന്റെ ലഭ്യത എല്ലാ ആശുപത്രികളിലും ഉറപ്പുവരുത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഇ സഞ്ജീവിനി സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം.

    മന്ത്രി പി.രാജീവിന്റെയും ജനപ്രതിനിധികളുടേയും ജില്ലാ ഭരണകൂടത്തിന്റെയും   ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.  എല്ലാവരും ഒരുമിച്ചു നിൽക്കണം.റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ ആർ ടി) പ്രവർത്തനം ശക്തിപ്പെടുത്തണം. നിയോജക മണ്ഡലാടിസ്ഥാനത്തിൽ എം എൽ എ മാരുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗങ്ങൾ ചേരണം.

108 ആംബുലൻസുകൾ എല്ലായിടത്തും ലഭ്യമാക്കും. ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ളവരുടെ ഷിഫ്റ്റിങ് വൈകരുതെന്നും മന്ത്രി ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി.
തടസങ്ങൾ പരിഹരിച്ച് മൂവാറ്റുപുഴ ആശുപത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന  കിടക്കകൾ അടിയന്തരമായി ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

     ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എല്ലാവരുടെയും സഹകരണത്തോടെ മികച്ച രീതിയിൽ  മുന്നോട്ടു പോകുന്നുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ തവണ നടത്തിയ സിഎഫ്എൽടിസി കളുടെ സാമ്പത്തിക ബാധ്യതകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. സർക്കാർ ഇതിൽ അനുകൂല തീരുമാനമെടുക്കുകയും കുടിശിഖ കൈമാറുന്നതിന് നടപടിയെടുക്കുകയും ചെയ്തു.  എംപി, എംഎൽഎമാർ, തദ്ദേശ സ്ഥാപന അധ്യക്ഷർ, ഉദ്യോഗസ്ഥരെ പങ്കെടുച്ചിച്ച് പ്രത്യേക യോഗങ്ങൾ ചേർന്നു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉയർന്നു വന്ന പരാതികൾ പരമാവധി പരിഹരിച്ചു.

     കോവിഡ് വ്യാപന സാഹചര്യത്തിൽ ജില്ലയിൽ 16 ഡോമിസിലിയറി കെയർ സെന്ററുകൾ( ഡി സി സി ) തുടങ്ങുന്നതിന് തീരുമാനിച്ചു. ഓരോ ഡിസിസി ക്കും മുൻകൂറായി  അഞ്ചു ലക്ഷം രൂപ നൽകും. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും ശ്രമം നടത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൂടാതെ സാമൂഹ്യ അടുക്കള തുടങ്ങുന്നതിനുള്ള നടപടികളും മന്ത്രിതല ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ ജില്ലാ ഭരണകൂടം മികച്ച  ഇടപെടലാണ് നടത്തുന്നതെന്നും  മന്ത്രി പി.രാജീവ്  പറഞ്ഞു.

    യോഗത്തിൽ പ്രതിപക്ഷ നേതാവും പറവൂർ എംഎൽഎയുമായ വി.ഡി സതീശൻ, തോമസ് ചാഴിക്കാടൻ എം.പി, കൊച്ചി കോർപറേഷൻ മേയർ എം.അനിൽകുമാർ, എംഎൽഎ മാരായ കെ.ബാബു, അനുപ് ജേക്കബ്,  എൽദോസ് കുന്നപ്പിള്ളി, റോജി.എം. ജോൺ, അൻവർ സാദത്ത്, കെ.ജെ. മാക്‌സി, ആന്റണി ജോൺ, പി.വി.ശ്രീനിജിൻ, മാത്യു കുഴൽ നാടൻ,  കെ.എൻ. ഉണ്ണികൃഷ്ണൻ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here