കൊച്ചി :  കുട്ടികൾ സ്വപ്നങ്ങൾ കാണുകയും അവ നേടിയെടുക്കുന്നതിന് പ്രയത്നിക്കണമെന്നും ജില്ലാ കളക്ടർ ജാഫർ മാലിക്ക് പറഞ്ഞു.  വനിതാ ശിശു വികസന വകുപ്പിന്റെ ദേശീയ ബാലികാദിന-വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികൾക്കുള്ള അനുമോദന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികളുമായി സംവദിക്കുകയായിരുന്നു കളക്ടർ.

    സംവാദത്തിൽ കുട്ടികളിൽ ഒരാൾക്ക് അറിയേണ്ടിരുന്നത് ഐഎഎസ് നേടാൻ പ്രചോദനം എന്തായിരുന്നു എന്നതായിരുന്നു. ഒരു എട്ടാം ക്ലാസുകാരനിൽ ഉണ്ടായ വളരെ ലളിതമായി ആഗ്രഹമാണ് ഐഎഎസ് കാരനാക്കിയതെന്ന് കളക്ടർ മറുപടി പറഞ്ഞു.

    ഓൺലൈൻ മുഖേന സംഘടിപ്പിച്ച പരിപാടിയിൽ . ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും കഴിവ് തെളിയിച്ച 10 കുട്ടികളെ ജില്ലാ കളക്ടർ അനുമോദിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുന്ന മുറയ്ക്ക് കുട്ടികളെ നേരിൽ കാണാനുള്ള അവസരം ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് മഹാമാരിക്കാലത്തും പ്രശംസനീയമായ പ്രവർത്തനങ്ങൾ ചെയ്തതിനും കുട്ടികളുടെ കഴിവിനനുസരിച്ച് പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു.  ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മികവ് ദേശീയ ശ്രദ്ധ നേടുമെന്നതും അഭിമാനകരമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

    നീന്തൽ ബാക്ക് സ്ട്രോക്ക് 100 മീറ്റർ ദേശീയ റെക്കോർഡ് കരസ്ഥമാക്കിയ ശ്രേയ ബിനിൽ (12), കൂട്ടുകാരന്റെ ജീവൻ രക്ഷിച്ച് ഉത്തം ജീവൻ പുരസ്‌കാർ ജേതാവായ അൽഫാസ് ബാവ (13), ചിത്രരചനയിലും, പെയിന്റിംഗിലും മികവുതീർത്ത പി.എസ് അമീർഷ (14), കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യുവജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി യൂറോപ്യൻ എന്ന അന്താരാഷ്ട്ര സംഘടന ആരംഭിച്ച്, ഗ്രീൻ ഡിഫറൻസ് അവാർഡ് ജേതാവ് ഐലിയ ട്രീസ (17), പെരിയാർ നീന്തിക്കടന്ന 12  കാരി സബീഹ, തുടർച്ചയായി 2 മണിക്കൂർ ഭരതനാട്ട്യം അവതരിപ്പിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ജേതാവായ എസ്.ദിവ്യ (17), ഇംഗ്ലീഷ് ഭാഷയിലെ നീളമുള്ള 10 വാക്കുകളും അർത്ഥവും ചുരുങ്ങിയ സമയത്തിൽ ഉച്ചരിച്ചതിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ കീർത്തന വി.ആനന്ദ് (14), കേരള റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ എറണാകുളത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് നിസാം (15), വേദിക് മാത്സ്, മെന്റൽ മാത്സ് എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച് ഉജ്ജ്വല ബാല്യം പുരസ്‌കാരം ജേതാവായ എസ്.പൈ സുമിഷ(12), ചെറുപ്രായത്തിൽ തന്നെ ഫോട്ടോഗ്രാഫിയിൽ മികവുറ്റ കാഴ്ചകൾ ഒപ്പിയെടുത്തതും ഉജ്ജ്വലബാല്യം പുരസ്‌കാരം ജേതാവുമായ ആൻലിന അജു എന്നിവരായിരുന്ന പരിപാടിയിൽ പങ്കെടുത്ത 10 കുട്ടികൾ.
   
    എറണാകുളം ജില്ലാ ശിശു സംരക്ഷണ ഓഫീസർ  കെ.എസ് സിനി സ്വാഗതം പറഞ്ഞു.  പ്രൊട്ടക്ഷൻ ഓഫീസർ ഹഫ്സീന, സൈക്കോളജിസ്റ്റ് റിഞ്ചു എന്നിവർ പങ്കെടുത്തു.

 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here