തിരുവനന്തപുരം : മുപ്പത്തിനാലാമത് കേരള ശാസ്ത്ര കോൺഗ്രസ്സിന്  തിരുവനന്തപുരത്ത് തുടക്കം. രാവിലെ 9.30ന് പ്രധാനവേദിയായ മാർ ഇവാനിയോസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും എന്ന പ്രമേയം ആസ്പദമാക്കി നടക്കുന്ന ശാസ്ത്ര കോൺഗ്രസ്സിൽ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ പ്രൊഫ. കോൺസ്റ്റാന്റിൻ സെർഗീവിച്ച് നോവോസെലോവ് പ്രത്യേക പ്രഭാഷണം നടത്തും.

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫസർ കെ.പി.സുധീർ അധ്യക്ഷനായ ഉദ്ഘാടനച്ചടങ്ങിൽ കേരള സർക്കാരിന്റെ ശാസ്ത്ര ഉപദേശകനായ എം.സി.ദത്തൻ, മലങ്കര സിറിയൻ കാത്തലിക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ശാസ്ത്ര കോൺഗ്രസ് ജനറൽ കൺവീനർ ഡോ. എസ്. പ്രദീപ് കുമാർ, നാറ്റ് പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു എന്നിവർ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ യുവശാസ്ത്രജ്ഞർക്കുള്ള സ്വർണ്ണമെഡലും ശാസ്ത്രസാഹിത്യ പുരസ്‌കാരങ്ങളും നേടിയവർക്കുള്ള സമ്മാനവിതരണം ചടങ്ങിൽ നടക്കും. ഡോ.എസ്. വാസുദേവ് പുരസ്‌കാര പ്രഖ്യാപനവുമുണ്ടാകും.
ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണപരമ്പരയിൽ പ്രഫ. നോവോസെലോവിനെ കൂടാതെ ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ,് ആസൂത്രണ ബോർഡ് വൈസ്ചെയർമാൻ പ്രൊഫ.  വി.കെ.രാമചന്ദ്രൻ എന്നിവരും സംസാരിക്കും.
ഫെബ്രുവരി 10 മുതൽ 12 വരെ നടക്കുന്ന കോൺഗ്രസ്സിൽ ശാസ്ത്രവിദ്യാർത്ഥികളും ഗവേഷകരും 140 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കൂടാതെ 162 പോസ്റ്ററുകളുടെ പ്രദർശനവുമുണ്ടാകും.
പ്രമുഖശാസ്ത്രജ്ഞരെ അനുസ്മരിക്കുന്ന പ്രഭാഷണപരമ്പരയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് മുൻ ഡയറക്ടർ ഡോ. പി. ശ്രീകുമാർ, മുൻ ആസൂത്രണബോർഡ് അംഗം ഡോ.കെ.എൻ.ഹരിലാൽ, എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ സാബുതോമസ്, ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ. എം. സഞ്ജപ്പ, ഹൈദരാബാദ് സ്ട്രക്ചറൽ ബയോളജി ഗ്രൂപ്പ് ലീഡർ ഡോ. ആർ. ശങ്കരനാരായണൻ എന്നിവർ സംസാരിക്കും.

ബാലശാസ്ത്രകോൺഗ്രസ്സ് 12 ന് രാവിലെ 10 മുതൽ ഒരു മണിവരെ നടക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ കേരളത്തിൽ നിന്ന് വിജയിച്ച കുട്ടികളുടെ പ്രോജക്ട് അവതരണമാണ് ഈ സമയത്ത് നടക്കുക.
ഈ വർഷത്തെ കേരള ശാസ്ത്രകോൺഗ്രസ്സിൽ പങ്കെടക്കുന്ന 614 ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ശാസ്ത്രജ്ഞരുമായി സംവദിക്കാനും വേദിയൊരുക്കിയിട്ടുണ്ട്. 12 നാണ് സംവാദം.

ഭിന്നശേഷിയുള്ള കുട്ടികൾക്കിടയിൽ ശാസ്താഭിരുചി വളർത്താനുള്ള Scientia എന്ന പദ്ധതിയുടെ കീഴിൽ പരിശീലനം നേടിയവരുടെ പോസ്റ്റർ പ്രദർശനവും ശാസ്ത്ര കോൺഗ്രസിൽ ഉണ്ടാകും. മാജിക് പ്ലാനെറ്റിലെ ഡിഫറന്റ് ആർട്സ് സെന്ററിൽ പരിശീലനം നേടിയ ഭിന്നശേഷിയുള്ള കുട്ടികളുടെ ശാസ്ത്ര പ്രൊജെക്ടുകളാണ് പോസ്റ്ററുകളുടെ രൂപത്തിൽ അവതരിപ്പിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here