കോഴിക്കോട് : വിശാലമായ അഞ്ച് ക്ലാസ്മുറികൾ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഭക്ഷണശാല. 60 കുട്ടികൾക്ക് ഇരുന്നു കഴിക്കാൻ സൗകര്യമുള്ള ഹാൾ, സ്റ്റോർ മുറി… പയ്യാനക്കൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് ഈ സൗകര്യങ്ങളെല്ലാം ഒരുങ്ങുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽവന്ന വിദ്യാകിരണം മിഷൻ പ്രകാരമാണ് പയ്യാനക്കൽ സ്‌കൂൾ മുഖം മിനുക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 3 കോടിരൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.

പദ്ധതി പ്രകാരം സ്‌കൂളിൽ ഒരു ഓപ്പൺ സ്റ്റേജും വിദ്യാർഥിനികൾക്കായുള്ള ടോയ്ലറ്റ് കെട്ടിടവും തയ്യാറായിക്കഴിഞ്ഞു. 3 നിലകളിലായി 23 ശുചിമുറികളുണ്ട്. ഒപ്പം കൈ കഴുകാനുള്ള പ്രത്യേക സജ്ജീകരണവും ഈ കെട്ടിടത്തിലുണ്ട്. സ്‌കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തു. കൂടാതെ 30 ബൈക്ക് പാർക്ക് ചെയ്യാൻ സൗകര്യമുള്ള പാർക്കിങ് ഏരിയ, സുരക്ഷ ഉറപ്പാക്കാൻ സ്‌കൂളിന് ചുറ്റുമതിൽ, 500 ലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്ക് എന്നിവ സജ്ജമാക്കി.

തീരദേശദേശത്തെ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂൾ കഴിഞ്ഞ കുറെ വർഷങ്ങളിലായി എല്ലാ മേഖലകളിലും മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. മികച്ച വിജയശതമാനം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സ്‌കൂളിൽ പുതിയ സൗകര്യങ്ങൾ വരുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമെന്നാണ് പ്രതീക്ഷയെന്ന് പ്രിൻസിപ്പൽ പി.വി. പ്രവീൺ കുമാർ, ഹെഡ്മാസ്റ്റർ എം. പ്രമോദ് കുമാർ എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here