കോഴിക്കോട് : സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടൽ വീതം ആരംഭിക്കും.  

ആവശ്യക്കാർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കിൽ ലഭ്യമാക്കുക വഴി സംസ്ഥാനത്ത് പട്ടിണി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം, സുഭിക്ഷ ഹോട്ടൽ. കിടപ്പു രോഗികൾ, അശരണർ തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും മിതമായ നിരക്കിൽ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം.

സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കായ 20 രൂപയ്ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.  ഓരോ അഞ്ച് രൂപ വീതം സർക്കാർ നൽകും. പ്രാരംഭ ചെലവുകൾക്കായി ഓരോ ഹോട്ടലിനും പരമാവധി 10 ലക്ഷം രൂപ വരെയും ഹോട്ടലിന്റെ തുടർ നടത്തിപ്പിനുള്ള മറ്റ് ചെലവുകളും അനുവദിക്കും.

ഹോട്ടൽ നടത്തുന്നതിന് ആവശ്യമായ ഫർണിച്ചർ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ സർക്കാർ ഇതര സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, മറ്റ് ഇതര സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും സോൺസർഷിപ്പ് വഴി സ്വീകരിക്കാവുന്നതാണ്.

ഭക്ഷ്യശാലകൾക്ക് ടൈഡ് ഓവർ വിഹിതത്തിൽ നിന്നും ലഭ്യതയ്ക്കനുസരിച്ച് ടൈഡ്ഓവർ നിരക്കിൽ അരി അനുവദിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയോ ഹോട്ടൽ ആരംഭിക്കുന്നതിനുള്ള കെട്ടിടം വാടകരഹിതമായി ലഭിച്ചാൽ അവ പരിഗണിക്കാം. അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ കെട്ടിടം വാടകക്കെടുക്കാം.

 ഹോട്ടൽ മേഖലയിൽ പ്രവർത്തി പരിചയമുള്ള കുടുബശ്രീ യൂണിറ്റുകൾ, സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ, സർക്കാർ ഇതര സംഘടനകൾ, സഹകരണ സംഘങ്ങൾ എന്നിവരെ ഹോട്ടൽ നടത്തിപ്പിനായി പരിഗണിക്കും.

ഉച്ചഭക്ഷണത്തിനു മാത്രമായിരിക്കും സബ്‌സിഡി. പ്രഭാത ഭക്ഷണവും, സായാഹ്ന ഭക്ഷണവും മറ്റു സ്‌പെഷൽ വിഭവങ്ങളും എ. ഡി. എം അദ്ധ്യക്ഷനായ സുഭിക്ഷ കമ്മറ്റി നിശ്ചയിക്കുന്ന നിരക്കിൽ വിതരണം ചെയ്യാം.

കിടപ്പു രോഗികൾ, അശരണർ എന്നിവർക്ക് ഉച്ചഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നതിന് ഊണ് ഒന്നിന് ഭക്ഷണത്തിന്റെ വിലയായ 25 രൂപയ്ക്കും കൈകാര്യ ചെലവായ അഞ്ച് രൂപയ്ക്കും പുറമെ ന്യായമായ ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജും  സുഭിക്ഷ കമ്മറ്റിയുടെ അഗീകാരത്തോടെ ചെലവഴിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here