ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനായി വ്രതകാലം 14 ദിവസമായി ചുരുക്കണമെന്ന് ആർഎസ്എസ്. ജാതി ചിന്തകൾക്കതീതമായി ശബരിമലയിൽ ദർശനം നടത്താമെന്നിരിക്കെ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നും ആർഎസ്എസ് മുഖപത്രമായ കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യകതമാക്കുന്നു. മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം സ്ഥാപകനും കേസരി പത്രാധിപരുമായിരുന്ന എം.എ കൃഷ്ണനാണ് ലേഖനമെഴുതിയത്.

ശബരിമലയിൽ 10 നും 50 നും മധ്യേപ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിർക്കുന്ന ദേവസ്വം ബോർഡിനും തന്ത്രികൂട്ടായ്മയ്ക്കും മറുപടിയാണ് മുഖപത്രമായ കേസരിയിലൂടെ ആർഎസ്എസ് നൽകുന്നത്. ശബരിമല ദർശനത്തിന് 41 ദിവസത്തെ വ്രതം വേണമെന്നിരിക്കെ സ്ത്രീകൾക്ക് മല ചവിട്ടാനായി വ്രതകാലം 14 ദിവസമായി ചുരുക്കണമെന്നാണ് അഭിപ്രായം. സംസ്ഥാനത്തെ ആർഎസ്എസിൻറെ മുതിർന്ന പ്രചാരകനും ബാലഗോകുലം സ്ഥാപകനും കേസരി പത്രാധിപരുമായിരുന്ന എം.എ കൃഷ്ണനാണ് ആർഎസ്എസ് മുഖപത്രമായ കേസരിയിൽ ഇത്തരമൊരു നിർദേശം പങ്കുവയ്ക്കുന്നത്.

ജാതിമതചിന്തകൾക്കതീതമായി ശബരിമലദർശനം നടത്താമെന്നിരിക്കെ സ്ത്രീകളെ വിലക്കുന്നത് നീതീകരിക്കാനാവില്ലെന്നും കേരളത്തിൻറെ പവിത്രതയും ശക്തിയും ശബരിമല അയ്യപ്പൻ എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നു. ശബരിമലയിൽ ആര് ദർശനം നടത്തണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരോ രാഷ്ട്രീയ കക്ഷികളോ അല്ല.അയ്യപ്പഭക്തരാണ്. ശബരിമലയിൽ പുരുഷൻമാർക്ക് എപ്പോൾ വേണമെങ്കിലും പോകാമെന്നും സ്ത്രീകൾ പോകരുതെന്നും പറയുന്നത്ശരിയല്ല. പക്ഷേ, സ്ത്രീകളും പുരുഷൻമാരെപ്പോലെ വ്രതമെടുക്കണം.

ഇതിനാണ് വ്രതകാലം ചുരുക്കാൻ പറയുന്നത്. ഏതു തൊഴിൽ ചെയ്യാനും വിദ്യനേടാനും സ്ത്രീ കഴിവുകാണിക്കുമ്പോൾ അയ്യപ്പദർശനത്തിൽ അവരെ മാറ്റിനിർത്തേണ്ടതില്ലെന്നും ആർഎസ്എസിൻറെ മുതിർന്ന േനതാവെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിൽ ഈ മാസമാദ്യം നടന്ന ആർഎസ്എസ് ദേശീയ പ്രതിനിധിസഭയാണ് ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കുള്ള വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ടത്.