മലയാളികളുടെ മനസിൽ ഇന്നും നിലനിൽക്കുന്ന പ്രൗഢ ഗംഭീരമായ ശബ്ദത്തോടെ വാർത്ത അവതരണം നടത്തിയ ദൂരദർശനിലെ ബാലകൃഷ്ണൻ എന്ന പത്രപ്രവർത്തകനെക്കുറിച്ച് കോഴിക്കോട് കേരള കൗമുദിയിലെ കളിയെഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ എഴുത്തുകാരനുമായ രവി മേനോൻ എഫ്ബിയിൽ എഴുതിയ ഓർമ്മ കുറിപ്പ് വായിക്കുക. അധികമാർക്കും അറിയാത്ത ബാലകൃഷ്ണൻ എന്ന വാർത്ത അവതാരകന്റെ മറ്റൊരു  മേഖലയായ കളിയെഴുത്തിനെക്കുറിച്ചും അദ്ദേഹവുമൊരുമിച്ചുള്ള രസകരമായ അനുഭവങ്ങളും രവി മേനോൻ പങ്കു വയ്ക്കുന്നു. മലയാള സിനിമയിലെ ഒട്ടു മിക്ക ഗാനങ്ങളെക്കുറിച്ചും അഗാതമായ അറിവും പാണ്ഡിത്യവുമുള്ള സിനിമ ഗാന നിരൂപകൻകൂടിയാണ് ലേഖകൻ രവി മേനോൻ. യേശുദാസ് മുതൽ ന്യൂ ജനറേഷൻ ഗായകർവരെയും ദേവരാജൻ മാസ്റ്റർ തൊട്ട് നവാഗത സംഗീതജ്ഞർവരെയും രവി മേനോനുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ്.



രവി മേനോൻ


“ആരാ മൂപ്പര്? സിൽമാ നടനാ?”– സുഹൃത്തായ പ്രാദേശിക പത്രപ്രവർത്തകന്റെ സംശയം.
“ജന്മഭൂമി” പത്രത്തിന് വേണ്ടി നെഹ്‌റു കപ്പ് അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാനെത്തിയ താടിക്കാരനെ ചൂണ്ടിയാണ് ചോദ്യം. ഞാനുമായുള്ള സൗഹൃദ സംഭാഷണം അവസാനിപ്പിച്ച് ഉച്ചഭക്ഷണത്തിന് മുന്നോടിയായുള്ള സൂപ്പിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു താടി. ഞങ്ങളുടെ ഇടതടവില്ലാത്ത സംസാരം ദീർഘനേരമായി കൗതുകപൂർവ്വം കണ്ടുകൊണ്ടിരുന്ന സുഹൃത്തിനാണിപ്പോൾ അപരിചിതൻ ആരെന്നറിയാൻ ജിജ്ഞാസ,
“അയാള് നടനൊന്നുമല്ല. കളിയെഴുത്തുകാരനാണ്. നെഹ്‌റു കപ്പ് റിപ്പോർട്ട് ചെയ്യാൻ വന്നതാണ്..” — എന്റെ മറുപടി.
“അല്ല. എവിടെയോ കണ്ട പോലെ. നല്ല മൊഖ പരിചയം.”– പ്രാദേശികൻ വീണ്ടും.
അപ്പോ അതാണ് കാര്യം. നേരിൽ പരിചയപ്പെടും മുൻപ് എന്റെയും തോന്നൽ അതായിരുന്നല്ലോ എന്നോർത്തു അപ്പോൾ. “കണ്ടിട്ടുണ്ടാകും. മിക്ക ദിവസവും വൈകീട്ട് ദൂരദർശനിൽ ന്യൂസ് വായിക്കാൻ വരും മൂപ്പര്. ബാലകൃഷ്ണൻ…”

 


സംശയാലുവായ സുഹൃത്തിന്റെ മുഖഭാവം ഞൊടിയിടയിൽ മാറുന്നു. കയ്യിലെ സൂപ്പിൻ കിണ്ണവും സ്പൂണുമായി ടിയാൻ നേരെ ബാലകൃഷ്ണന്റെ മുന്നിലേക്ക് ഒരു കുതിപ്പ്: “ഹലോൻ ഭായീ, ദിവസോം കാണാറുണ്ട് ങ്ങളെ ട്ടോ. വായന സ്വയമ്പൻ….” കോഴിക്കോടൻ ആക്സന്റിൽ കാച്ചിക്കുറുക്കിയെടുത്ത ആ പ്രസ്താവന കേട്ട് ഞെട്ടിത്തിരിയുന്നു ബാലകൃഷ്ണൻ. പിന്നെ ഭവ്യതയോടെ തല കുനിച്ചു നന്ദി പറയുന്നു. സംശയാലുവിന് ആഹ്ലാദം, ആത്മനിർവൃതി.
ബാലകൃഷ്ണനുമായുള്ള ആദ്യകൂടിക്കാഴ്ച്ചയിലെ രസികൻ രംഗങ്ങളിൽ ഒന്ന്. മൂന്നര ദശാബ്ദം മുൻപ് കോഴിക്കോട് നഗരം ആദ്യമായി ആതിഥ്യം വഹിച്ച നെഹ്‌റു കപ്പ് റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ലേഖകർക്ക് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രമുഖ ഹോട്ടലിൽ ഒരുക്കിയ ഉച്ചവിരുന്നായിരുന്നു വേദി. വി കെ എൻ ശൈലി കടമെടുത്താൽ ഞങ്ങളിരുവരും താരതമ്യേന തുടക്കക്കാരായ കീറക്കടലാസുകാർ. ഞാൻ കൗമുദിയുടെ ട്രെയിനീ “പ്രാവ്.” ബാലകൃഷ്ണൻ ജന്മഭൂമിയുടെയും. ആദ്യ സംഭാഷണം തുടങ്ങിയതും ഒടുങ്ങിയതും കളിയെഴുത്തിലെ കുലപതിയായ വിംസിയിലാണ്. എന്നെപ്പോലെ വിംസിയുടെ ഭാഷാശൈലിയുടെ കടുത്ത ആരാധകനായിരുന്നല്ലോ ബാലകൃഷ്ണനും.
വിരുന്നിനിടെ ന്യൂസ് റീഡറെ തിരിച്ചറിഞ്ഞു പരിചയപ്പെടാൻ വന്ന സംഘാടകരിലൊരാളുടെ നിഷ്കളങ്കമായ ചോദ്യം ഇന്നുമുണ്ട് ഓർമ്മയിൽ: “മ്മടെ ഭാര്യ ങ്ങടെ വല്യ ഫാനാണ് ട്ടോ. പക്ഷേ ഓൾക്കൊരു കംപ്ലെയിന്റ്ണ്ട്. ഇങ്ങള് വാർത്ത വായിക്കുമ്പോ അധികം വികാരം കൊടുക്കുന്നില്ലാ പോലും. കൊറച്ചും കൂടി ഫീലിംഗ്സ് കൊടുത്തൂടേ ന്നാ ഓൾടെ ചോദ്യം..”
പൊടുന്നനെ ബാലകൃഷ്ണന്റെ മുഖത്തെ ചിരി മാഞ്ഞു. ചോദ്യകർത്താവിന്റെ ചുമലിൽ സൗഹാർദ്ദപൂർവം തലോടി അദ്ദേഹം. എന്നിട്ട് പറഞ്ഞു: “സുഹൃത്തേ, വാർത്ത വായിക്കുമ്പോ അങ്ങനെ തോന്നുംപടി വികാരം കൊണ്ടാൽ ശര്യാവുമോ? വലിയ നേതാക്കന്മാർ മരിച്ച വാർത്ത പറയുമ്പോ ഉള്ളിൽ വിഷമം ഉണ്ടാകും. പക്ഷേ അത് ഉള്ളിൽ അടക്കിവെക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അറിയാതെ തൊണ്ടയെങ്ങാനും ഇടറിപ്പോയാലോ? ക്രിക്കറ്റിൽ ഇന്ത്യ തോറ്റൂന്ന് പറയുമ്പോ പൊട്ടിക്കരഞ്ഞാൽ ആളുകൾ പരിഹസിക്കില്ലേ? അതുപോലെ ഇന്ത്യ ലോകകപ്പ് ജയിച്ച വാർത്ത പറയുമ്പോ ആഹ്ലാദം അടക്കാനാകാതെ എണീറ്റ് നിന്ന് വിസിലടിച്ചാലോ ? എന്തൊരു ബോറായിരിക്കും എന്നാലോചിച്ചുനോക്കു. പറഞ്ഞാൽ നിങ്ങളുടെ ഭാര്യക്ക് മനസ്സിലാകും എന്നാണ് എന്റെ വിശ്വാസം…”
ബാലകൃഷ്ണന്റെ മുഖത്തെ ഗൗരവഭാവം കണ്ട്, പറഞ്ഞത് കളിയോ കാര്യമോ എന്നറിയാതെ പകച്ചുനിന്ന സംഘാടകന്റെ മുഖം മറന്നിട്ടില്ല.
“ജന്മഭൂമി” റിപ്പോർട്ടറെയല്ല ദൂരദർശനിലെ വാർത്താവതാരകനും “സിലബ്രിറ്റി”യുമായ ബാലകൃഷ്ണനെ പരിചയപ്പെടാൻ തിരക്കുകൂട്ടിയവരായിരുന്നു അവിടെ അധികവും. സിനിമാതാരങ്ങളുടെ ഗ്ലാമറാണ് അന്ന് ദൂരദർശൻ താരങ്ങൾക്ക്. ടെലിവിഷൻ കേരളത്തിൽ തരംഗമായിത്തുടങ്ങിയിട്ടേയുള്ളൂ. സ്വകാര്യ ചാനലുകൾ രംഗപ്രവേശം നടത്തിയിട്ടില്ല. കുടുംബാംഗങ്ങളെ പോലെയാണ് ഓരോ മലയാളിക്കും ഡി ഡിയിലെ വാർത്താ വായനക്കാർ. ബാലകൃഷ്ണൻ മാത്രമല്ല, കണ്ണൻ, ഹേമലത, രാജേശ്വരി മോഹൻ, മായ, ഡോ സന്തോഷ്, കെ ശ്രീകണ്ഠൻ നായർ…. പിന്നെ ഇന്ദു, ഷീല രാജഗോപാൽ, ജോൺ സാമുവൽ, ആശ ഗോപൻ, ശ്രീകല, കലാദേവി, കൃഷ്ണകുമാർ തുടങ്ങിയ അവതാരകർ; ജോൺ ഉലഹന്നാനെപ്പോലുള്ള റിപ്പോർട്ടർമാർ. എല്ലാവരും മലയാളിക്ക് സ്വന്തം സുജായിമാർ, തൊട്ട അയൽപക്കക്കാർ.
ശാന്തിയും സമാധാനവും അൽപ്പം ഗൗരവവും നിറഞ്ഞ ഏർപ്പാടായിരുന്നു അന്നത്തെ വാർത്താ വായന. ഇന്നത്തെപ്പോലെ ദിവസവും എട്ടു മണിക്ക് വാളും ചുരികയും വായ്ത്താരിയുമായി അരയും തലയും മുറുക്കി എടുത്തുചാടേണ്ട അങ്കക്കളരിയല്ല. അന്നന്നത്തെ ഗൗരവമാർന്ന വാർത്തകൾ ചർച്ച ചെയ്ത് ചർച്ച ചെയ്ത് കോമഡിപ്പരുവമാക്കി മാറ്റുന്ന പതിവുമില്ല. വാർത്ത ജനങ്ങളെ അറിയിക്കുക എന്നത് മാത്രമായിരുന്നു ധർമ്മം. അത് അരോചകമല്ലാത്ത ശബ്ദത്തിൽ ഉച്ചാരണ ശുദ്ധിയോടെ ആവണമെന്നും ഉണ്ട് നിഷ്കർഷ.
ഇന്നിപ്പോൾ എല്ലാം അറുപഴഞ്ചനും അൺപ്രൊഫഷണലുമായി തള്ളിക്കളയാം നമുക്ക്. തർക്കങ്ങളും തമ്മിലടിയുമാണല്ലോ നാട്ടുനടപ്പ്. എങ്കിലും അന്നത്തെ വായനയ്ക്കൊരു അന്തസ്സുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നവർ നിരവധി. പേരുകൾ തെറ്റിച്ചു പറയുന്നവരെയും വാക്കുകൾ വികലമായി ഉച്ചരിക്കുന്നവരെയും സമൂഹം തന്നെ ഗുണദോഷിച്ചിരുന്നു അന്ന്. തെറ്റുകൾ ചൂണ്ടിക്കാണിച്ചും അഭിനന്ദനങ്ങൾ
അറിയിച്ചും ആയിരക്കണക്കിന് കത്തുകളാണ് ആഴ്ച്ച തോറും ദൂരദർശൻ കേന്ദ്രത്തിൽ വന്നെത്തുക.
ടെലിവിഷൻ സ്ക്രീനിലെ സ്ക്രോളുകൾ ട്രോളുകളേക്കാൾ ഭീകര ഹാസ്യമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതൊക്കെ വിശ്വസിക്കാൻ പ്രയാസം തോന്നാം…“അക്ഷരത്തെറ്റൊക്കെ ഇത്ര വലിയ സംഭവമാണോ” എന്ന് പുച്ഛത്തോടെ ചോദിക്കുന്നവരും ധാരാളം. അതൊക്കെ കാലഹരണപ്പെട്ട കോൺസെപ്റ്റ്സ് അല്ലേ? വിത്യാർത്തി എന്നും വിത്യപ്യാസം എന്നൊക്കെ പറയുന്നതിലെന്തുണ്ട് തെറ്റ്? ആശയം മനസ്സിലാക്കുകയല്ലേ പ്രധാനം? മറുചോദ്യങ്ങൾ നീളുന്നു.
ആ “പഴഞ്ചൻ” കാലത്തിന്റെ പ്രതിനിധിയായിരുന്നു ബാലകൃഷ്‌ണനും. പെരുമാറ്റത്തിലെന്നപോലെ എഴുത്തിലും പ്രസാദാത്മകത കൈവിടാതിരിക്കാൻ ശ്രദ്ധിച്ച ഒരാൾ. പിന്നെയും നിരവധി കായിക മത്സരവേദികളിൽ കണ്ടുമുട്ടി ഞങ്ങൾ. ആശയങ്ങളും വീക്ഷണങ്ങളും പങ്കുവെച്ചു. ഇടക്ക് ജന്മഭൂമി വിട്ട് മറ്റു പല തട്ടകങ്ങളിലും കയറിയിറങ്ങിയിരുന്നു ബാലകൃഷ്ണൻ; ദൂരദർശനിലെ വാർത്താ വായനക്കാരന്റെ റോൾ നിലനിർത്തിക്കൊണ്ടുതന്നെ. ദൂരദർശൻ വിട്ട ശേഷം ജനം ടി വിയിലേക്കായിരുന്നു യാത്ര. അവിടെ വായനക്കാരനായി അഞ്ചാറ് വർഷം. എല്ലാം കഴിഞ്ഞിട്ടിപ്പോൾ എഴുത്തും വായനയും പ്രഭാഷണങ്ങളുമായി കൊരട്ടിയിലെ സ്വന്തം വീട്ടിലുണ്ട് ബാലകൃഷ്ണൻ.
“നിങ്ങൾ പാട്ടിനെക്കുറിച്ചെഴുതുന്നതൊക്കെ വായിക്കാറുണ്ട്.”– കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ബാലകൃഷ്ണൻ പറഞ്ഞു. “എന്നാലും ചെറിയൊരു സങ്കടമുണ്ട്. കളിയെഴുത്ത് ഉപേക്ഷിക്കേണ്ടിയിരുന്നില്ല. ഞാൻ ആസ്വദിച്ച് വായിച്ചിരുന്നു ആ ലേഖനങ്ങളും റിപ്പോർട്ടുകളും. അതൊരു നല്ല കാലമായിരുന്നില്ലേ?.”
നിശ്ശബ്ദനായി കേട്ടിരിക്കുക മാത്രം ചെയ്തു. ഓർമ്മയുടെ കളിക്കളത്തിൽ വീണ്ടുമൊരു പന്തുരുണ്ട പോലെ. “ശരിയാണ്, ബാലകൃഷ്ണൻ..”– മനസ്സ് മന്ത്രിക്കുന്നു. “അതൊരു നല്ല കാലമായിരുന്നു. ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത അപൂർവ്വസുന്ദര സൗഹൃദങ്ങളുടെ കാലം…”

LEAVE A REPLY

Please enter your comment!
Please enter your name here