തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറിയായി  നിയമിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ. സജീവ രാഷ്ട്രീയത്തിലുള്ള ആളെ ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്ന കീഴ്‌വഴക്കം ഇല്ലെന്ന് കത്തിലൂടെ സർക്കാർ അറിയിച്ചു.

ഗവർണറുടെ ശുപാർശ പ്രകാരം ഹരി എസ് കർത്തയെ ഗവർണറുടെ സ്റ്റാഫിൽ നിയമിച്ചതോടൊപ്പം നൽകിയ കത്തിലാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരെയോ, രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള സംഘടനകളോട് കൂറു പുലർത്തുന്നവരെയോ ഇതുവരെ രാജ്ഭവനിൽ നിയമിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. ഇത്തരം ഒരു കീഴ്‌വഴക്കം തുടരുന്നതുതന്നെയാണ് നല്ലത്.

ഹരിയെ നിയമിക്കാൻ ഗവർണർ ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് നിർദ്ദേശം അംഗീകരിക്കുകയാണ്. ഗവർണറുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരാനാണ് കത്ത് എന്ന് പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാൽ വ്യക്തമാക്കി.

ബി ജെ പി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമാണ് ഹരി എസ് കർത്ത. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ ഗവർണറുടെ സ്റ്റാഫിൽ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. അഡീഷ്ണൽ പേഴ്‌സണൽ സ്റ്റാഫായാണ് ഹരിയെ നിയമിച്ചിരിക്കുന്നത്. ജന്മഭൂമിയുടെ പത്രാധിപരായിരുന്ന ഹരി എസ് കർത്ത,  കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷനായിരിക്കെ മാധ്യമ വിഭാഗം മേധാവിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here