കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റെയും  കുടുംബങ്ങൾ. കുറ്റകൃത്യത്തിലും ഗൂഡാലോചനയിലും പങ്കെടുത്ത ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇടപെടൽ തേടി ഉടൻ കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിന്റെ അഛൻ പറഞ്ഞു.

24 പേരെ പ്രതിചേർത്ത് ഡിസംബർ മൂന്നിന് സിബിഐ  കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രതികളുണ്ടെന്നാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെ നിലപാട്. അതുകൊണ്ട് തന്നെ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. എറണാകുളം സിജെഎം കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് കിട്ടിയ ശേഷം തുടരന്വേഷണ ഹർജി നൽകുമെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. കണ്ടെടുത്ത ആയുധങ്ങളുടെ കാര്യത്തിലും ഗൂഡാലോചനയിൽ പങ്കെടുത്ത ചിലരിലേക്കും അന്വേഷണം എത്തിയില്ലെന്നാണ് ആക്ഷേപം.

 കേസിലെ മുഖ്യപ്രതി എ.പീതാംബരൻ ഉൾപ്പടെ 16 പേർ  റിമാന്റിലാണ്. മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ അഞ്ച് പേർ ജാമ്യം നേടി. 2019 ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സിബിഐ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് നേരത്തെ തന്നെ പരാതിയുയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here