കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാൻ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പൊലീസ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജത്തെളിവുകൾ സൃഷ്ടിക്കാനെന്നാണ് ദിലീപിൻറെ ആക്ഷേപം. എന്നാൽ ബാലചന്ദ്ര കുമാറിൻറെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരുന്നു.

ആക്രമിക്കപ്പെട്ട നടിയും ഹർജിയെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. അത് പരിശോധിക്കപ്പെടണം. ബാംഗ്ലൂരിൽ നിൽക്കുമ്പോഴാണ് ഈ വെളിപ്പെടുത്തൽ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയിൽ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു.

സഹപ്രവർത്തകൻറെ ക്വട്ടേഷൻ ബലാത്സംഗം എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയിട്ടും പൊതു സമൂഹത്തിന് മുന്നിൽ ചുരുളഴിയാത്ത നിരവധി സംശയങ്ങൾ ബാക്കിയാണ്. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ദിലീപിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതോടെ തുടരന്വേഷണവുമായി മുന്നോട്ടു പോവുന്നതിന് പ്രോസിക്യൂഷന് പരിമിതികൾ ഏറെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here