രാജേഷ് തില്ലങ്കേരി

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി ജെ പിയുടെ ജനപിന്തുണ കുതിച്ചുയരുന്നതായി തെരഞ്ഞെടുപ്പ് ഫലം. 37 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് യു പിയിൽ ഒരു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തുടർഭരണം പിടിക്കുന്നത്. യോഗി ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിന്റെ സൂചനകളാണ്  ഈ ഭരണ തുടർച്ച. അഞ്ച് വർഷങ്ങൾക്ക് നമുൻപ് യോഗി ആദിത്യനാഥ് അപ്രതീക്ഷിതമായാണ് യു പിയിൽ മുഖ്യമന്ത്രിയായി എത്തിയത്. അന്ന് പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ പ്രഭാവത്തിലാണ് യു പി യിൽ ബി ജെ പി അധികാരത്തിലെത്തിയതെങ്കിൽ ഇത്തവണ യോഗി ആദിത്യനാഥ് എന്ന നേതാവിന്റെ വ്യക്തിപ്രഭാവത്തിലാണ് ബി ജെ പിയുടെ വിജയം എന്നതും ശ്രദ്ധേയമാണ്.

ഭരണ വിരുദ്ധ വികാരം അതിശക്തമാവുമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതീക്ഷിച്ചിരുന്നത്. കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ എസ് പി അഖിലേഷ് യാദവ് എന്ന യുവ നേതാവിന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.  യു പി യിൽ അഖിലേഷിന്റെ നേതൃത്വം വലിയ വെല്ലുവിളി ഉയർത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, എന്നാൽ സീറ്റുനില മൂന്നക്കത്തിലെത്തിക്കാൻ പോലും അഖിലേഷിന് കഴിഞ്ഞില്ല. ഭരണ വിരുദ്ധ വികാരം ഇല്ല എന്നതാണ് യു പി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കോൺഗ്രസിനെയും മായാവതിയുടെ ബി എസ് പിയെയും തീർത്തും നിഷ്പ്രബരാക്കി മാറ്റാനും ബി ജെ പിക്ക് കഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷ നിരയിലുണ്ടായ ഭിന്നിപ്പാണ്  ബി ജെ പിയുടെ തേരോട്ടത്തിന് കൂടുതൽ കരുത്തു പകർന്നത്. കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളിൽ പോലും ശക്തമായ തിരിച്ചടിയാണ് ഉണ്ടായത്. റായ് ബറേലിയിലും അമേഠിയിലും ഉണ്ടായ തിരിച്ചടി കോൺഗ്രസ് കേന്ദ്രങ്ങളിൽ ഞെട്ടലുളവാക്കി.

 ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന തകർച്ചുടെ  പ്രതിഫലനമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.  ബി ജെ പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കുള്ള അംഗീകാരം കൂടിയായി ഈ ഫലത്തെ വിലയിരുത്താം. പഞ്ചാബിലുണ്ടായ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റവും ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യേണ്ടതുണ്ട്. മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം, അഴിമതി എന്നിവയിൽ ശക്തമായ ഇടപെടലുണ്ടാവുമെന്ന ആം ആദ്മി പാർട്ടിയുടെ പ്രഖ്യാപനമാണ് പഞ്ചാബിൽ അനുകൂലമായ തരംഗമുണ്ടാക്കിയത്.

 പഞ്ചാബിലെ തോൽവിയോടെ രാജ്യത്തെ ഏറ്റവും പ്രബലമായ സംസ്ഥാനമാണ് കോൺഗ്രസിന് നഷ്ടമായിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാലിടറുമ്പോഴും ഒരുമിച്ച് നിൽക്കാൻ തയ്യാറാവാത്ത നേതാക്കളാണ് ഈ തോൽവിക്ക് ഉത്തരം പറയേണ്ടത്. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റിയത്. തുടർന്ന് അധികാരത്തിലെത്തിയ മുഖ്യമന്ത്രി ഛന്നിയും പി സി സി അധ്യക്ഷൻ സിദ്ദിവും  തമ്മിലുണ്ടായ അനൈക്യവും രാജി നാടകങ്ങളും കോൺഗ്രസിന് വലിയ തിരിച്ചടിയായി. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ പുതിയ പാർട്ടിയുണ്ടാക്കിയ ബി ജെ പി പാളയത്തിലെത്തിയതും കോൺഗ്രസിനുണ്ടായ ജനപിന്തുണ നഷ്ടപ്പെടുത്തി.

യുവാക്കളുടെ പിന്തുണ പൂർണമായും ആം ആദ്മി പാർട്ടിക്കായിരുന്നു. ആറു മാസം മുൻപുതന്നെ പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം പുറത്തുവന്നിരുന്നു. എന്നിട്ടും കോൺഗ്രസ് അധികാരം നിലനിർത്താനുള്ള അടവുകളൊന്നും പയറ്റിയില്ല. അധികാരത്തിൽ കോൺഗ്രസ് തിരിച്ചെത്തുമെന്ന അമിതമായ ആത്മ വിശ്വാസം കോൺഗ്രസ് നേതൃത്വത്തിനുണ്ടായി. ഡൽഹിയിൽ നിന്നും വളർന്ന് അടുത്ത സംസ്ഥാനത്തിന്റെ ഭരണം പിടിച്ചതോടെ ആം ആദ്മിയുടെ  സാധ്യതകൾ വർദ്ധിപ്പിച്ചിരിക്കയാണ്. ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള  തന്ത്രങ്ങൾ കോൺഗ്രസിനേക്കാൾ ആം ആദ്മി പാർട്ടിക്കുണ്ട്.
പ്രകാശ് സിംഗ് ബാദൽ,  അമരീന്ദർ സിംഗ് തുടങ്ങിയ വൻ മരങ്ങളാണ് ആം ആദ്മിയുണ്ടാക്കിയ കൊടുങ്കാറ്റിൽ കടപുഴകിയത്.

ഗോവയിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിയുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ഗോവയിലും ബി ജെ പി മുന്നേറ്റമുണ്ടായി. ഗോവയും ഉത്തരാഗണ്ഡും തങ്ങൾക്ക് അനുകൂലമായി വിധിയെഴുതുമെന്നായിരുന്നു അവസാന ഘട്ടം വരെ കോൺഗ്രസിന്റെ പ്രതീക്ഷകൾ.

മണിപ്പൂരിലും ഗോവയിലും കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും അധികാരത്തിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ ഗോവയിലുണ്ടായ രാഷ്ട്രീയ നാടകങ്ങൾ ജനാധിപത്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയതായിരുന്നു. കോൺഗ്രസ് എം എൽ എമാർ കൂടുവിട്ടതും കോൺഗ്രസിന്റെ പതനത്തിന് കാരണമാക്കി. മണിപ്പൂരിൽ ഇത്തവണയും കേവല ഭൂരിപക്ഷം ആർക്കും നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി ജെ പി മാറിയതോടെ അവിടെയും തുടർഭരണം നേടി ബി ജെ പി ആധിപത്യം ഉറപ്പിക്കുകയാണ്.

രാജസ്ഥാനിലും ഛത്തീസ്ഘണ്ഡിലും മാത്രമായി കോൺഗ്രസ് ഒതുങ്ങുകയാണ്. ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്തുകയെന്നത് കോൺഗ്രസിന് സാധ്യമാണോ എന്നാണ് ഉയരുന്ന ചോദ്യങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here