തിരുവനന്തപുരം : മുന്നാക്ക സമുദായ കോർപ്പറേഷന്റെ മംഗല്യ സമുന്നതി പദ്ധതി വഴി ഈ വർഷം 198 യുവതികൾക്കു ധനസഹായം നൽകും. ഇവരിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള 107 പേർക്കു തുക വിതരണം ചെയ്തു. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹധന സഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ സമുന്നതി.

പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുന്നാക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് നിർവഹിച്ചു. മറ്റു ജില്ലകളിലെ ഗുണഭോക്താക്കൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.
2019-20 സാമ്പത്തിക വർഷം മുതലാണു മുന്നാക്ക കോർപ്പറേഷൻ ‘മംഗല്യ സമുന്നതി’ ധനസഹായ പദ്ധതി ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ഈ വർഷം രണ്ടു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.

പരിപാടിയിൽ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം പി കെ. മാധവൻ നായർ അധ്യക്ഷത വഹിച്ചു. എം.ഡി. രഞ്ജിത് കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ മാത്യു സ്റ്റീഫൻ, കെ സി. സോമൻ നമ്പ്യാർ, ആർ. ഗോപാലകൃഷ്ണപിള്ള, ബി. രാമചന്ദ്രൻ നായർ, ബി.എസ്. പ്രീത, അസിസ്റ്റന്റ് മാനേജർ കെ.ജി. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here