തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിലെ അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിട്ടു. അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിൻറെ ശരീരത്തിലേറ്റ ചതവുകൾ ഹൃദയാഘാതത്തിന് കാരണമായേക്കാം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

തിരുവല്ലം ജഡ്ജിക്കുന്നിൽ സ്ഥലം കാണാൻ എത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരിൽ ഒരാളായ സുരേഷാണ് മരിച്ചത്. ശരീരത്തിൽ പരുക്കില്ലെന്നും ഹൃദയാഘാതം കാരണമാണ് സുരേഷ് മരിച്ചതെന്നുമായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ  കേസന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനൊപ്പം കഴിഞ്ഞ ദിവസം ഡോക്ടർമാർ നൽകിയ കുറിപ്പിലെ വിവരങ്ങളാണ് കസ്റ്റഡി മരണത്തിലേക്ക് വിരൽചൂണ്ടുന്നത്.

താടിയെല്ല്, കഴുത്ത്, തുട, കാൽമുട്ട്, കൈ, മുതുക് എന്നിവിടങ്ങളിലെ 12 ചതവുകളിലെ സംശയമാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്. ഈ പരിക്കുകളും ചതവുകളും ഹൃദയാഘാതത്തിന് കാരണമായേക്കും എന്നും റിപ്പോർട്ടിലുണ്ട്. സുരേഷിനെ പൊലീസ് മർദ്ദിച്ച് കൊന്നതാണെന്നും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സഹോദരൻ സുഭാഷ് ആവശ്യപ്പെട്ടു. ശരീരത്തിൽ ഉടനീളം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്നുമാണ് സുഭാഷിന്റെ നിലപാട്.

ജഡ്ജിക്കുന്നിൽ ദമ്പതികളുമായി ഉണ്ടായ മൽപ്പിടുത്തമാണോ പൊലിസിൽ നിന്നേറ്റ മർദ്ദനമാണോ ചതവിന് കാരണമെന്നാണ് അന്വേഷിക്കുന്നത്. കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്ന് നെയ്യാറ്റിൻകര മജിസ്‌ട്രേട്ടിനാണ് സുരേഷിനൊപ്പം പിടികൂടിയ നാല് പേർ മൊഴി നൽകിയത്. എന്നാൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ നാല് പേരും മൊഴി മാറ്റി.
 
കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കയറ്റവേ പൊലീസ് മർദ്ദിച്ചുവെന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും നിലവിലുള്ള അവ്യക്തതകളും ബന്ധുക്കളുടെ പരാതികളും കണക്കിലെടുത്താണ് അന്വേഷണം സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. തിരുവല്ലം കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. നടന്നത് ലോക്കപ്പ് കൊലപാതകമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ ആരോപണം.

 
 
 
 

LEAVE A REPLY

Please enter your comment!
Please enter your name here