ന്യൂ ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ  തോൽവിക്ക് ശേഷം എന്ത് ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുന്ന കോൺഗ്രസിന് കൂട്ടായ നേതൃത്വം കൂടിയേ തീരൂവെന്ന് പാർട്ടിയിലെ വിമതശബ്ദങ്ങളുടെ കൂട്ടായ്മയായ ജി 23.  എല്ലാ തലത്തിലും കൂട്ടായ നേതൃത്വം രൂപീകരിച്ചാൽ മാത്രമേ ഇനി പാർട്ടിക്കൊരു തിരിച്ചുവരവുള്ളൂ എന്ന് ഇന്നലെ രാത്രി ഗുലാംനബി ആസാദിൻറെ വീട്ടിൽ ചേർന്ന ജി 23 നേതാക്കളുടെ യോഗം വിലയിരുത്തി.

ഇന്ന് ജി 23 നേതാവായ ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ  കണ്ടേക്കും. ജി 23 യോഗത്തിൽ നേതാക്കളുന്നയിച്ച പൊതുവികാരം ഇടക്കാല അധ്യക്ഷയെ അറിയിക്കാനാണ് കൂടിക്കാഴ്ച. കേരളത്തിൽ നിന്ന് ശശി തരൂരും പി ജെ കുര്യനും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

പ്രവർത്തകർ മാത്രമല്ല, പാർട്ടിയിൽ നിന്ന് നേതാക്കളും പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി 23 നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ കൂട്ടത്തോൽവിയുണ്ടായി. മുന്നോട്ട് പോകാൻ കൂട്ടായ നേതൃത്വവും പൊതുവായ തീരുമാനങ്ങളും എല്ലാ തലത്തിലും നടപ്പാക്കുക എന്ന ഒറ്റ വഴിയേ ഉള്ളൂ. ബി ജെ പിയെ നേരിടാൻ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തിയേ തീരൂ. അതിനായി സമാനമനസ്‌കരായ രാഷ്ട്രീയശക്തികളുമായി കോൺഗ്രസ് ഇപ്പോഴേ ചർച്ച തുടങ്ങണം. 2024-ന് മുന്നോടിയായി ഇപ്പോഴേ അതിനുള്ള ഒരു പ്ലാറ്റ്‌ഫോം ഒരുക്കണം. അത് ജനങ്ങൾക്ക് വിശ്വാസ്യമായ ഒരു ബദലുമാകണം – ജി 23 പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇനി മുന്നോട്ടുള്ള നടപടികൾ ഉടനടി അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് പ്രസ്താവന അവസാനിക്കുന്നത്. കേരളത്തിൽ നിന്ന് എം പി ശശി തരൂരും, പി ജെ കുര്യനും പുറമേ, ദേശീയ തലത്തിൽ നിന്ന് ഗാന്ധി കുടുംബത്തിലെ വിശ്വസ്തനായ മണിശങ്കർ അയ്യരും യോഗത്തിനെത്തിയത് ശ്രദ്ധേയമായി. ഗുലാംനബി ആസാദ്, കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ, പൃഥ്വിരാജ് ചൗഹാൻ, ഭൂപിന്ദർ സിംഗ് ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബർ, ശങ്കർ സിംഗ് വഗേല, എം എ ഖാൻ, രാജേന്ദർ കൗർ ഭട്ടൽ, മുൻ ഡൽഹി  മുഖ്യമന്ത്രി ഷീലാ ദീക്ഷിതിൻറെ മകനായ സന്ദീപ് ദീക്ഷിത്, കുൽദീപ് ശർമ, വിവേക് തൻഖ, ക്യാപ്റ്റൻ അമരീന്ദർ സിംഗിൻറെ ഭാര്യ പ്രണീത് കൗർ എന്നിവർ യോഗത്തിനെത്തിയിരുന്നു.  


LEAVE A REPLY

Please enter your comment!
Please enter your name here