ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ലഭിക്കുന്ന ഒരു സീറ്റിലേക്ക് വനിതാ സ്ഥാനാർത്ഥിക്ക് സാധ്യത. എ ഐ സി സി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ എന്നിവരെയാണ് രാജ്യസഭാ സീറ്റിലേക്ക് ഇപ്പോൾ പരിഗണിക്കുന്നത്.
ജയിക്കുമെന്നുറപ്പുളള  രാജ്യസഭാ സീറ്റിൽ പോലും സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയുന്നില്ലെന്ന പ്രതിസന്ധിയിലാണ് കോൺഗ്രസ്. എം ലിജുവിന് രാജ്യസഭാ സീറ്റ് നൽകണമെന്ന ആവശ്യവുമായാണ് കെ സുധാകരൻ ഇന്നലെ രാഹുൽഗാന്ധിയെ കണ്ട് ചർച്ച നടത്തിയത്. എന്നാൽ ലിജു ഉൾപ്പടെയുള്ളവർക്കെതിരെ വൻ പ്രതിഷേധ നീക്കമാണ് സംസ്ഥാന കോൺഗ്രസിൽ നടക്കുന്നത്.  

സോണിയാ ഗാന്ധിയുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തിയെങ്കിലും അനിശ്വിതത്വം തുടരുകയാണ്. കെ. സുധാകരൻറെ നോമിനി എം ലിജുവിനെതിരെ കെ സി വേണുഗോപാൽ വിഭാഗവും. എ ഗ്രൂപ്പും പടയൊരുക്കം തുടങ്ങി. ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്ണനെതിരെയും  സംസ്ഥാന കോൺഗ്രസിൽ ശക്തമായ എതിർപ്പുയരുകയാണ്.

എം ലിജു, സതീശൻ പാച്ചേനി, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം തുടങ്ങി തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന ആവശ്യമാണ് ഉയരുന്നത്. കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന 8 കെ പി സി സി ഭാരവാഹികൾ  ഹൈക്കമാൻഡിന് കത്തയച്ചു. എ ഗ്രൂപ്പും ഇതേ ആവശ്യമാണ് മുൻപോട്ട് വയ്ക്കുന്നത്. തോറ്റവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കെ മുരളീധരനും സോണിയാഗാന്ധിക്ക്  കത്തയച്ചു.

ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയുള്ള നീക്കമാണ് ഇക്കാര്യത്തിൽ നടക്കുന്നത്. ഡി സി സി പുന സംഘടന തർക്കത്തിൽ കെ സി വേണുഗോപാലിനെതിരെ കെ സുധാകരനൊപ്പം നിന്നയാളാണ് കെ മുരളീധരൻ. നിലവിലെ സാഹചര്യത്തിൽ സുധാകരന്  കടുത്ത അതൃപ്തിയുണ്ട്. തോറ്റു എന്നതുകൊണ്ട് അയോഗ്യരായി കാണേണ്ട എന്ന  നിലപാടാണ്  സുധാകരൻറേത്. അതേ സമയം ഹൈക്കമാൻഡ് നോമിനി ശ്രീനിവാസൻ കൃഷ്ണനെതിരെയും പടയൊരുക്കം ശക്തമാണ്. സ്ഥാനാർത്ഥികളെ കെട്ടിയിറക്കേണ്ടെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here