ചങ്ങനാശ്ശേരി : മാടപ്പള്ളിയിൽ കെ – റെയിൽ സർവ്വേയ്‌ക്കെത്തിയവരെ തടഞ്ഞ സമരക്കാരായ സ്ത്രീകളെ  പൊലീസ് അതിക്രൂരമായി വലിച്ചിഴച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ചങ്ങനാശ്ശേരി മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം. കോൺഗ്രസ്, ബി ജെ പി, കെ റെയിൽ വിരുദ്ധ സമിതി എന്നിവരാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്ന മാടപ്പള്ളിയിൽ കല്ലിനാടാനായി എത്തിയ കെ റെയിൽ അധികൃതരെ സമരക്കാർ തടയുകയും കല്ലുമായി എത്തിയ വണ്ടിയുടെ ചില്ല് തകർക്കുകയും ചെയ്ത തോടെയാണ് സംഘർഷത്തിന് തുടക്കം.  കെ റെയിലിനായി കല്ലിടാൻ സമ്മതിക്കില്ലെന്നും, പൊലീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സ്ഥലം എം എൽ എയ്‌ക്കെതിരെയും മുദ്രാവാക്യം മുഴക്കിയ സ്ത്രീകൾ സ്ഥലത്ത് തമ്പടിച്ചു. ഈ സ്ത്രീകളെയാണ് ഉച്ചയോടെ അറസ്റ്റു ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. സമരക്കാരോട് മാറിപ്പോവാൻ ആവശ്യപ്പെട്ടെങ്കിലും മാറാൻ തയ്യാറാവാതെ വന്നതോടെയാണ് അറസ്റ്റു നടപടികളുമായി പൊലീസ് എത്തിയത്.

സ്ത്രീകളെ അതിക്രൂരമായി നിലത്തുകൂടി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
കല്ലിടൽ തടഞ്ഞതിന് 23 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനു മുന്നിൽ യു ഡി എഫ്, ബി ജെ പി പ്രവർത്തകർ കുത്തിയിരിപ്പ് നടത്തുകയാണ്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ സി ജോസഫസിന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പ്രവർത്തകർ കുത്തിയിരിപ്പ് നടത്തുന്നത്. നാല് സത്രീകൾ ഉൾപ്പെടെയായിരുന്നു അറ്സ്റ്റ് ചെയ്തത്. പൊലീസ് സ്ത്രീകളെ വലിച്ചിഴച്ച സംഭവത്തിൽ അതിവൈകാരികമായി പ്രതികരിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്. ഇതിൽ ആന്റോ, ജോസഫ് എന്നീ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിപ്പ് നടത്തുന്നത്. കേരളാ കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here