ചെങ്ങന്നൂർ: കെ റെയിൽ കടന്നുപോകുന്ന വില്ലേജുകളിൽ യുഡിഎഫ് നടത്തുന്ന പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ മുളക്കുഴയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിക്കും. നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

കെ റെയിൽ വിരുദ്ധസമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി ഇന്നലെ പ്രതിപക്ഷനേതാവ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.  ശക്തമായ പ്രതിഷേധം നടന്ന കോട്ടയം മാടപ്പള്ളിയിൽ, നേതാക്കളെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങൾ കേൾക്കാൻ ഉദ്യോ?ഗസ്ഥർക്ക് പറ്റില്ല.

അതിനെ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അടിച്ചമർത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.  കേരളം മുഴുവൻ ഇതുപോലുള്ള സമരം ആവർത്തിക്കാൻ പോവുകയാണ്. ബംഗാളിലെ നന്ദിഗ്രാമിൽ നടന്ന സമരത്തിൻറെ തനിയാവർത്തനമാണ് ഇതെന്ന് ഞങ്ങൾ സൂചിപ്പിച്ചതാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

വി ഡി സതീശൻറെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുടെ നിരയാണ് മാടപ്പള്ളിയിൽ എത്തിയത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയ നേതാക്കളെ ആവലാതി അറിയിക്കാൻ വീട്ടമ്മമാർ ഉൾപ്പടെയുള്ളവരെത്തി. മാടപ്പള്ളിയിൽ കോട്ടയം ഡിസിസി പ്രസിഡൻറിൻറെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കല്ലുപിഴുത് പ്രതിഷേധിച്ചു. ഇന്നലെ വൻ പൊലീസ് സന്നാഹത്തിൽ സ്ഥാപിച്ച അതിരടയാള കല്ലുകളാണ് ഡിസിസി പ്രസിഡൻറും കൂട്ടരും പിഴുതെറിഞ്ഞത്. ഇന്നലെ രാത്രി തന്നെ മൂന്നു കല്ലുകൾ നാട്ടുകാർ എടുത്തു മാറ്റിയിരുന്നു.

സിൽവർ ലൈൻ സമരത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. സിൽവർ ലൈൻ കല്ലിടലിനെതിരെ ചങ്ങനാശ്ശേരിയിൽ പ്രതിഷേധിച്ച സ്ത്രികളേയും കുട്ടികളേയും റോഡിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിക്കെതിരെ ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം  രംഗത്തെത്തി. മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യർത്ഥന പ്രതിപക്ഷം തള്ളി.  സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറുന്നതുവരെ യുഡിഎഫ്, സമരം ശക്തമായി തുടരുമെന്ന് വി ഡി സതീശൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here