കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് (സുനിൽ കുമാർ) ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ  തള്ളുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളിലൊരാളായ നടൻ ദിലീപിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച്  ഓഫീസിലെത്തി. ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ  ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപിന്റെ മൊഴി.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപ് കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയത്. എന്നാൽ ഈ  ദൃശ്യം തൻറെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് പറയുന്നു. കേസിലെ 20 സാക്ഷികൾ കൂറ് മാറിയ സംഭവത്തിൽ ദിലീപിൻറെ പങ്കിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ്  ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ രേഖകൾ അടക്കം വെച്ചുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടന്നത്. കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായുള്ള  ബന്ധത്തിലും ദിലീപിൽ നിന്ന് വിവരങ്ങൾ തേടും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയിൽ ദിലീപിൻറെ പങ്ക് വ്യക്തമാക്കാാനുള്ള നിർണ്ണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഏപ്രിൽ 15 നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നൽകിയ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here