കോട്ടയം: യുഡിഎഫ് നേതൃത്വത്തിനെതിരെ പരാതികളുമായി മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫില്‍ അസ്വസ്ഥതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് വേദികളില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. പല പരിപാടികളും അറിയിക്കുന്നില്ല. മരം മുറി വിവാദത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച യുഡിഎഫ് സംഘത്തിലേക്ക് എന്നെ വിളിച്ചില്ല. ഒരു നേതാവിന് മാത്രമാണ് തന്നോട് പ്രശ്‌നമുള്ളത്. അത് വ്യക്തിപരമാണ്. മുന്നണിയുമായി തനിക്ക് പ്രശ്‌നമില്ല. യുഡിഎഫില്‍ തന്നെ തുടരുമെന്നും പ്രതിപക്ഷ നേതാവിനെ പരാതി അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് മാണി സി കാപ്പന്‍ യുഡിഎഫിലെത്തിയത്. എന്‍സിപിയുടെ പാല എംഎല്‍എ ആയിരുന്ന മാണി സി കാപ്പന് മണ്ഡലം നഷ്ടമാകുമെന്ന് വന്ന വേളയിലാണ് ഇടതുമുന്നണി വിട്ടതും യുഡിഎഫിലെത്തിയതും. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെ പാലാ മണ്ഡലം അവര്‍ക്ക് നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. എന്നാല്‍ വര്‍ഷങ്ങളായി എന്‍സിപി മല്‍സരിക്കുന്ന പാലാ വിട്ടുതരില്ലെന്ന് മാണി സി കാപ്പന്‍ നിലപാടെടുത്തു. എന്‍സിപി നേതൃത്വം കൈവിട്ടതോടെ മാണി സി കാപ്പന്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി യുഡിഎഫിലെത്തി. എന്നാല്‍ യുഡിഎഫില്‍ അസ്വസ്ഥതകളുണ്ട് എന്നാണ് മാണി സി കാപ്പന്‍ ഇപ്പോള്‍ പറയുന്നത്.

യുഡിഎഫ് വേദികളില്‍ തഴയപ്പെടുന്നു. പരിപാടികള്‍ അറിയിക്കുന്നില്ല. മുന്നണിയുമായി പ്രശ്‌നങ്ങളില്ല. ഒരു നേതാവിന് മാത്രമാണ് പ്രശ്‌നം. അത് വ്യക്തിപരമാണ്. പരാതികള്‍ പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. കെ സുധാകരന്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇടതുമുന്നണിയിലേക്ക് പോകില്ല. യുഡിഎഫില്‍ ആര്‍ക്കും ആരെയും എന്തും പറയാമെന്ന അവസ്ഥയാണ്. ഇടതുമുന്നണിയില്‍ ഇത്തരം പ്രതിസന്ധിയില്ല. യുഡിഎഫില്‍ അസ്വസ്ഥതകളുണ്ട്. യുഡിഎഫില്‍ പല ഘടകകക്ഷികളും സംതൃപ്തരല്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ താനാണ് അത് പറയേണ്ടതെന്ന് വിഡി സതീശന്‍ പറയുന്നു. അത് സംഘാടനം ഇല്ലാത്തതുകൊണ്ടാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം, മാണി സി കാപ്പന്‍ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. പരാതിയുണ്ടെങ്കില്‍ നേരിട്ട് തന്നോട് പറയാം. അല്ലെങ്കില്‍ യുഡിഎഫ് കണ്‍വീനറെ അറിയിക്കണം. പൊതുവേദിയില്‍ പരാതിപ്പെടരുത്. അത് ഉചിതമല്ല. മാണി സി കാപ്പനുമായി അടുത്ത ബന്ധമാണ്. എന്ത് പരാതിയുണ്ടെങ്കിലും പരിഹരിക്കും. പാര്‍ട്ടികളുടെ വലുപ്പം നോക്കിയല്ല മുന്നണിയില്‍ പെരുമാറുന്നതെന്നും വിഡി സതീശന്‍ പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here