കീവ് : റഷ്യ യുക്രൈൻ സമാധാന ച‌ർച്ചകള്‍ വീണ്ടും പുരോ​ഗമിക്കുകയാണ്. കീവിൽ നിന്നും ചെണിഹിവിൽ നിന്നും സേനയെ പിൻവലിക്കാൻ ഒരുക്കമാണെന്ന് റഷ്യ അറിയിച്ചിരുന്നു. കീവിൽ നിന്ന് റഷ്യൻ സേന പിൻവാങ്ങിയെന്ന രീതിയിലുള്ള റിപ്പോ‌ർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ അതിനിടെയാണ് പ്രതികരണവുമായി യുക്രൈൻ പ്രസി‍ഡന്റ് രം​ഗത്തെത്തിയിരിക്കുന്നത്.

 

തങ്ങള്‍ ആരെയും വിശ്വസിക്കുന്നില്ല. സുന്ദരമായ വാക്കുകളെ വിശ്വസിക്കാൻ ഞങ്ങള്‍ ഒരുക്കമല്ല. യുദ്ധ ഭൂമിയിൽ ഒരു യഥാർഥമായ സാഹചര്യമുണ്ട്. അതാണ് നിലവിലെ പ്രധാനപ്പെട്ട കാര്യമെന്നും സെലൻസ്കി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങള്‍ ഒന്നും വിട്ടുനൽകാൻ ഒരുക്കമല്ല. ഞങ്ങളുടെ ഓരോ തുണ്ടു ഭൂമിക്ക് വേണ്ടിയും ഞങ്ങള്‍ പോരാടും. ഞങ്ങളുടെ ഓരോ പൗരന് വേണ്ടിയും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. കീവിൽ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കിഴക്കൻ യുക്രൈനിനെയാണ് റഷ്യ ഉന്നംവക്കുന്നത്. ആ ഭാ​ഗത്ത് റഷ്യ സേനയെ ഇറക്കുന്നുവെന്ന റിപ്പോ‌ർട്ടുകളുമുണ്ടെന്നും സെലൻസ്കി പറഞ്ഞു.

അതേ സമയം റഷ്യന്‍ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടക്കുകയാണെങ്കിലും പുതിയ പുരോ​ഗതിയിലെത്താൻ ച‌ർച്ചകള്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പോഴും സ്ഥിതി​ഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഒടുവിലായി തു‌ർക്കിയിൽ വച്ചാണ് സമാധാന ച‌ർച്ചകള്‍ നടന്നത്. ഈ സമാധാന ച‌ർച്ചകളിലും കാര്യമായ പുരോ​ഗതി കൈവരിച്ചിട്ടില്ലെന്നാണ് റഷ്യ വിശദീകരിക്കുന്നത്. സമാധാന ച‌ർച്ചകള്‍ പുരോ​ഗമിക്കുമ്പോഴും യുക്രൈനിൽ റഷ്യന്‍ സേന ബോംബാക്രമണം തുടരുകയാണ്.

സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ റഷ്യന്‍ ബോംബാക്രമണം യുക്രൈന്‍ നഗരങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. മൈകോളൈവിലെ റീജിയണൽ ആസ്ഥാനമന്ദിരത്തിന് നേരെയുണ്ടായ റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി അധികൃതര്‍ പറയുന്നു. യുദ്ധം ആരംഭിച്ചത് മുതൽ യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ കണക്ക് 40 ലക്ഷവും കടന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോ‌ർട്ടുകള്‍.

അതേ സമയം റഷ്യൻ അധിനിവേശം അവസാനിപ്പിക്കാന്‍ യുക്രൈൻ വീണ്ടും ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥനാകാൻ തയ്യാറാണെങ്കിൽ അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുമെന്നായിരുന്നു പ്രതികരണം. എൻഡിടിവിക്ക് നൽകിയ
യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരാകുകയായിരുന്നു യുക്രൈൻ എന്നും യുക്രൈനിന്റേത് ന്യായമായ യുദ്ധം ആണെന്നും ഇന്ത്യ യുക്രൈനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here