തിരുവനന്തപുരം: അന്താരാഷ്ട്ര മാർക്കറ്റിൽ വർധിച്ചത്ര എണ്ണവില ഇന്ത്യയിൽ വർധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. അന്താരാഷ്ട്ര മാർക്കറ്റിൽ 75 ഡോളർ വിലയുണ്ടായിരുന്ന എണ്ണ യുക്രെയ്ൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വർധിച്ച് 120 ഡോളർ വരെയെത്തി. 50 ശതമാനത്തോളമാണ് വിലവർധനവ്. എന്നാൽ, ഈ തോതിലുള്ള വിലവർധനവ് നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടില്ല. ഇന്ധനവിലയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് കേന്ദ്ര സർക്കാർ തീരുവ കുറച്ചതെന്നും മന്ത്രി പറഞ്ഞു. അനുദിനം ഇന്ധനവില വർധിക്കുന്നത് സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നതിനിടെയാണ് മന്ത്രിയുടെ ന്യായീകരണം.

കേന്ദ്ര സർക്കാർ തീരുവ കുറച്ചപ്പോൾ സംസ്ഥാന സർക്കാറും ആനുപാതികമായ നികുതി കുറക്കുമെന്നായിരുന്നു പ്രതീക്ഷ. കേരളത്തിലെ സർക്കാർ നികുതി കുറക്കാൻ തയാറായിട്ടില്ല. നികുതി കുറച്ചിരുന്നുവെങ്കിൽ കുറച്ചുകൂടി ആശ്വാസം ജനങ്ങൾക്ക് കിട്ടുമായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന് അനുവദിച്ച വിഹിതം ഏറ്റെടുക്കാത്തതിനാലാണ് മണ്ണെണ്ണ വെട്ടിക്കുറച്ചത്. ഇതുസംബന്ധിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

താന്‍ കേരളത്തിനുവേണ്ടി എന്തുചെയ്തു എന്നറിയണമെങ്കില്‍ യുക്രെയ്നില്‍ നിന്ന് തിരിച്ചുവന്ന കുട്ടികളോടും ദക്ഷിണാഫ്രിക്കയിലെ സീഷെല്‍സില്‍ നിന്ന് സര്‍ക്കാരിന്റെ ശ്രമഫലമായി രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളോടും ചോദിച്ചാല്‍ മതി. അതുകൊണ്ട് ഫെഡറല്‍ തത്വം എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here