ന്യൂഡൽഹി: ചാണക്യപുരിയിലെ ലൂട്ടിയൻസ് ബംഗ്ലാവ് സോണിലെ കോൺഗ്രസിന്റെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിൽ നിന്ന് പാർട്ടിക്ക് നോട്ടീസ് ലഭിച്ചു. തലസ്ഥാനത്തെ ഈ എസ്റ്റേറ്റ് കോൺഗ്രസ് പാർട്ടിയ്ക്കാണ് നൽകിയിരിക്കുന്നതെന്ന് ഔദ്യോഗിക രേഖകളിൽ പറയുന്നു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ഉന്നത സഹായിയും രാഹുൽ ഗാന്ധിയോട് വളരെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയുമായ വിൻസെന്റ് ജോർജ്ജ് ഏറെക്കാലം ഇവിടെ താമസിച്ചിരുന്നു.ഈ ബംഗ്ലാവിന്റെ കുടിശികയായി 3.08 കോടി രൂപയാണ് പാർട്ടി സർക്കാരിന് അടയ്ക്കാനുള്ളത്. 2013 ഓഗസ്റ്റിലാണ് സി-II/109 എന്ന ഈ ബംഗ്ലാവിന്റെ വാടക അവസാനമായി അടച്ചത്. കോൺഗ്രസിന്റെ ഓഫീസ്, സോണിയയുടെ ഔദ്യോഗിക വസതി, ഈ ബംഗ്ലാവ് എന്നിവുയുടെ വാടക കുടിശികകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ കോൺഗ്രസിന് നോട്ടീസ് നൽകിയിരുന്നു.

2013 ജൂണിൽ താമസത്തിനുള്ള അലോട്ടമെന്റ് റദ്ദാക്കിയതിനാൽ ഇപ്പോൾ അപ്പാർട്ട്‌മെന്റ് അനധികൃത അധിനിവേശത്തിന് കീഴിലാണെന്ന് ഡയറക്ടറേറ്റ് നോട്ടീസിൽ പറയുന്നു. നോട്ടീസ് പ്രകാരം മൂന്ന് പ്രവൃത്തി ദിവസത്തിനകം മറുപടി നൽകാനാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.2020ൽ പ്രിയങ്കാ ഗാന്ധിയെ ലോധി എസ്‌റ്റേറ്റ് ബംഗ്ലാവിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ നാല് പ്രധാന ബംഗ്ലാവുകളിൽ നിന്ന് പാർട്ടിയെ പുറത്താക്കാനുള്ള പഴയ നിർദ്ദേശം എസ്റ്റേറ്റ് ഡയറക്ടറേറ്റ് തിരികെ കൊണ്ടു വന്നിരുന്നു. സി-II/109 ബംഗ്ലാവിനൊപ്പം പാർട്ടി ആസ്ഥാനമായ 24 അക്ബർ റോഡിലെ കോൺഗ്രസ് സേവാ ദൽ ഓഫീസ്, 26 അക്ബർ റോഡിലെ യൂത്ത് കോൺഗ്രസ് ഓഫീസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here