കണ്ണൂർ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് നാളെ തുടക്കമാവും. രാജ്യത്തെ സി പി എമ്മിന്റെ ഏറ്റവും വലിയ ഘടകമായ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സംഭവബഹുലമാക്കാനുള്ള ഒരുക്കത്തലാണ് സംഘാടകർ.   പാർട്ടിയുടെ കരുത്തുറ്റ കോട്ടയായ കണ്ണൂരിനെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാക്കുന്ന പ്രചരണമാണ് സി പി എം നടത്തിയിട്ടുള്ളത്. പാർട്ടി കോൺഗ്രസിന് കൊടി ഉയരാൻ ഒരു ദിനം മാത്രം ശേഷിക്കെ ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകരും നേതാക്കളും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപെടെ മുതിർന്ന നേതാക്കൾ കണ്ണൂരിൽ ഇതിനകം എത്തിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസ് ബുധനാഴ്ച തുടങ്ങുന്നതിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും.

സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറിൽ എത്തുന്നതോടെ സമ്മേളനത്തിൻറെ ആവേശം അലയടിച്ചുയരും. കൊടിമര ജാഥ കാസർകോട് കയ്യൂർ രക്തസാക്ഷിമണ്ഡപത്തിൽ  നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സി പി എം കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാർട്ടി കേന്ദ്രക്കമ്മിറ്റിയംഗമായ പി കെ ശ്രീമതിക്ക്  സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ കൊടിമരം കൈമാറി. കെ പി സതീശ് ചന്ദ്രനാണ് ജാഥാ മാനേജർ.

അതേസമയം സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരണമെന്ന നിലപാടിലാണ് നേതൃത്വമെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ചുള്ള ധാരണ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രകമ്മിറ്റിയിലുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ് ആർ പിയുടെ പേരും ശക്തമായി ഉയർന്ന പാർട്ടി കോൺഗ്രസിൽ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങൾ തുടർന്നു. ചില ഒത്തുതീർപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരി തുടരാൻ കേരള ഘടകം ഉൾപ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരിൽ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തർക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാർട്ടിക്കുള്ളിലെ ധാരണ.

അതേസമയം പൊളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് നേതാക്കൾ ഒഴിവാകും. എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബസു എന്നിവരാകും ഒഴിവാകുക. എസ് ആർ പിക്ക് പകരക്കാരനായി കേരളത്തിൽ നിന്ന് എ വിജയരാഘവൻ പിബിയിൽ എത്തും എന്നാണ് സൂചന. 75 വയസ്സെന്ന പ്രായ പരിധി കർശനമാക്കിയാലും പി ബിയിൽ പിണറായി വിജയന് ഇളവുണ്ടാകും.

കേരളത്തിലെ സർക്കാരിൻറെ നയങ്ങളും സിൽവർ ലൈൻ പദ്ധതിയടക്കമുള്ളവയും പാർട്ടി കോൺഗ്രസിൽ ചർച്ചയാകും. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ കേരളത്തിലെ സർക്കാരിൻറെ പ്രവർത്തനവും ചർച്ചയാവുക സ്വാഭാവികമാണെന്ന് സിപിഎം നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലും ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു.

സിൽവർ ലൈൻ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി  വ്യക്തമാക്കിയിരുന്നു. സിൽവർ ലൈൻ പദ്ധതിയെകുറിച്ചുളള പ്രാഥമിക ചർച്ചകളാണ് നടക്കുന്നത്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്നതിലടക്കം വ്യക്തതയായിട്ടില്ല. അതിന്മേലുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകളും പ്രതിഷേധങ്ങളുമാണെന്നും യെച്ചൂരി കുറ്റപ്പെടുത്തിയിരുന്നു.

ദേശീയ തലത്തിലെ വിശാല മതേതര കൂട്ടായ്മയിൽ കോൺഗ്രസുമുണ്ടാകണമെന്നാണ് യെച്ചൂരി ആവർത്തിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷമേ സിപിഎം ഏതെങ്കിലും സഖ്യത്തിൽ ചേരുകയുള്ളൂ. കേരളത്തിൽ നയവ്യതിയാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. പി ബിയിൽ ദളിത് പ്രാതിനിധ്യമില്ലെന്നത് പരിഹരിക്കാൻ ശ്രമിക്കും. പാർട്ടി സമിതികളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കും. സ്ത്രീ സംവരണത്തിലും പാർട്ടി കോൺഗ്രസിൽ തീരുമാനമുണ്ടാകും. സമിതിയിൽ ഇരുപത് ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യമുണ്ടാകണമെന്നാണ് കരുതുന്നതെന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയന് പ്രായ ഇളവു നൽകും. പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയായതിനാലാണ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടതെന്നും യെച്ചൂരി ചൂണ്ടികാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here