കണ്ണൂർ: പാർട്ടി കോൺഗ്രസിൽ സിൽവർ ലൈൻ ചർച്ചയാവില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞ പദ്ധതിയാണിതെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. പൊളിറ്റ്ബ്യുറോയിൽ എത്താനുള്ള യോഗ്യത തനിക്ക് ഇല്ലെന്നും പാർട്ടിയുടെ എളിയ പ്രവർത്തകൻ മാത്രമാണ് താനെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിൽ എല്ലാ വിഭാഗം ജനങ്ങളും ആവേശത്തിലാണ്. മറ്റ് പാർട്ടിയിൽപ്പെട്ടവർ പോലും പാർട്ടി കോൺഗ്രസ് നന്നായി പോകാൻ വേണ്ടി സഹകരിക്കുന്നുണ്ട്. പാർട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയാണ് പാർട്ടി കോൺഗ്രസ്. കെ വി തോമസ് പങ്കെടുക്കുന്ന കാര്യത്തെക്കുറിച്ച് തനിക്ക് വിവരങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ കത്ത് കൊടുക്കലും കത്തിന് പുല്ലു വില പോലും കൊടുക്കാത്തതും ഒക്കെ സ്വാഭാവികമാണ്. ഇന്ത്യയിലെവിടെയെങ്കിലും കോൺഗ്രസിന് തെരഞ്ഞെടുക്കപ്പെട്ട ഘടകമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പില്ലല്ലലോ, എല്ലാ നിർദ്ദേശം ചെയ്യപ്പെട്ടയാളുകളാണെന്നും ജയരാജൻ പറഞ്ഞു.

പാർട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയിൽ കെ റെയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. തെക്കും വടക്കും നടന്ന് കല്ല് പറിച്ചത് കൊണ്ട് അത് ഇവിടെ ചർച്ചയാവില്ല. കണ്ണൂരിൽ എന്റെ ജീവിതത്തിലെ ആദ്യ പാർട്ടി കോൺഗ്രസാണിതെന്നും ജയരാജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here