തിരുവനന്തപുരം: ലോക്‌സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിൻറെയും വോട്ടുവിഹിതത്തിൻറെയും മാനദണ്ഡപ്രകാരം സിപിഎമ്മിന്  ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. സിപിഎം ഇപ്പോൾ കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണ്. ദേശീയ കക്ഷിയായി പിടിച്ചു നിൽക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് ചർച്ച.

കോൺഗ്രസുമായി സഖ്യം വേണോ ധാരണ വേണോ എന്നതാണ് മുഖ്യവിഷയം. സിപിഎമ്മിൻറെ കേരള ഘടകം മാത്രമാണ് ബിജെപിയോടൊപ്പം ചേർന്ന് കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്നത്. എകെജി പ്രതിപക്ഷ നേതാവായിരുന്ന ലോക്‌സഭയിൽ സിപിഎം ഇപ്പോൾ പന്ത്രണ്ടാം കക്ഷിയാണ്. വോട്ടു വിഹിതം 10ൽ നിന്നും 1.75 ശതമാനമായി ഇടിഞ്ഞു. ലോക്‌സഭയിൽ മൂന്ന് സീറ്റും വിവിധ നിയമസഭകളിൽ 88 സീറ്റും മാത്രമാണ് ഇപ്പോഴുള്ളത്.

ഈ സീറ്റുകൾ നേടിയത് കോൺഗ്രസുമായും ഇതര കക്ഷികളുമായി സഖ്യമുണ്ടായിയാണ്. 2004 ൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ് സിപിഎമ്മിന് ലോക്‌സഭയിൽ 43 സീറ്റുകൾ ലഭിച്ചത്. കോൺഗ്രസ് ബന്ധം വിച്ഛേദിച്ചതോടെ സിപിഎം മിക്ക സംസ്ഥാനങ്ങളിലും വട്ടപൂജ്യമായി. ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വരെ ഓഫർ ചെയ്തത് കോൺഗ്രസാണ്. ഡൽഹിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പ്രഖ്യാപിച്ചിരുന്ന സിപിഎമ്മിൻറെ ഡൽഹി വാസികളായ അഖിലേന്ത്യാ നേതാക്കൾ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും ജീവിതത്തിൽ ഒരിക്കലും അരിവാൾ ചുറ്റിക ചിഹ്നത്തിൽ വോട്ട് ചെയ്യാനായിട്ടില്ല.

സിപിഎം ശക്തി കേന്ദ്രങ്ങളായിരുന്ന തെലങ്കാന ഉൾപ്പെടെയുള്ള കാർഷിക വിപ്ലവ മേഖലകളിലും മുംബൈ, കൽക്കട്ട തുടങ്ങിയ വ്യവസായ നഗരങ്ങളിലും ചെങ്കൊടി കാണ്മാനില്ല. ചുവപ്പു ബംഗാൾ ആവർത്തിക്കുമെന്ന് ആരും മുദ്രാവാക്യം മുഴക്കുന്നില്ല. ഇന്ത്യയുടെ ഹൃദയഭൂമിയിൽ നിന്നും സിപിഎം ഒലിച്ചു പോയി.

രണ്ടാമത്തെ ദേശീയ കക്ഷിയായ കോൺഗ്രസിന് ഇപ്പോഴും ലോക്‌സഭയിൽ 53 സീറ്റും നിയമസഭകളിൽ 688 സീറ്റുമുണ്ട്. കോൺഗ്രസിനോട് കിടപിടിക്കാവുന്ന മറ്റൊരു പ്രതിപക്ഷ കക്ഷിയില്ല. കോൺഗ്രസ് നേതൃത്വത്തിൽ മാത്രമേ ബിജെപി വിരുദ്ധ മതേതര കക്ഷികളുടെ ബദൽ സൃഷ്ടിക്കാനാവൂ. 1977 ലെ വമ്പിച്ച തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം 1980 ൽ കോൺഗ്രസ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഇന്ത്യയൊട്ടാകെ വേരോട്ടമുള്ള പ്രസ്ഥാനം ഇപ്പോഴും കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here