ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് തകര്‍ത്ത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലക്‌നൗ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

ലക്‌നൗവിനായി ആവേശ് ഖാന്‍ നാല് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. 44 റണ്‍സ് നേടിയ രാഹുല്‍ ത്രിപാടിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. സീസണില്‍ ലക്‌നൗവിന്റെ രണ്ടാം വിജയമാണിത്.

170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. നാലാം ഓവറില്‍ ഹൈദരാബാദിന് ക്യാപ്റ്റന്‍ വില്യംസണിനെ നഷ്ടമായി. ആവേശ് ഖാന്റെ പന്ത് സ്‌കൂപ്പിന് ശ്രമിക്കവെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ആന്‍ഡ്രൂ ടൈ കയ്യിലൊതുക്കി. വൈകാതെ അഭിഷേകും മടങ്ങി. ആവേശിന്റെ തന്നെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കുമ്പോള്‍ പിഴച്ചു. കവറില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച്. ഇതോടെ രണ്ടിന് 38 എന്ന നിലയിലായി ഹൈദരാബാദ്.

പിന്നീട് ത്രിപാടിയുടെ ഇന്നിംഗ്സാണ് ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയത്. ഇതിനിടെ എയ്ഡന്‍ മാര്‍ക്രം (12) പുറത്തായും തിരിച്ചടിയായി. 14ആം ഓവറില്‍ ത്രിപാടി മടങ്ങിയതോടെ ഹൈദരാബാദ് നാലിന് 95 എന്ന നിലയിലായി. നിക്കോളാസ് പുരാന്‍ (34) – വാഷിംഗ്ടണ്‍ സുന്ദര്‍ (18) പ്രതീക്ഷ നല്‍കിയെങ്കിലും ആവേശ് തല്ലിക്കെടുത്തി. പുരാനേയും അബ്ദുള്‍ സമദിനേയും (0) പുറത്താക്കി ആവേശ് ലക്‌നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സുന്ദറിനേയും ഭുവനേശ്വര്‍ കുമാറിനേയും (1), റൊമാരിയോ ഷെഫെര്‍ഡിനേയും (8) അവസാന ഓവറില്‍ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ലക്‌നൗവിന് വിജയം സമ്മാനിച്ചു. ഉമ്രാന്‍ മാലിക് (1) പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. ലക്‌നൗവിനായി ക്യാപ്റ്റന്‍ കെ. എല്‍ രാഹുലും, ദീപക് ഹൂഡയും മാത്രമാണ് തിളങ്ങിയത്.

രാഹുല്‍ 50 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 68 റണ്‍സ് നേടിയപ്പോള്‍ ഹൂഡ 33 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സ് നേടി. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെഫെര്‍ഡ്, നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here