കൊച്ചി: ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ മാത്രം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. സമാനമായ ഒരു കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. ശരിയായ വിവരങ്ങൾ മറച്ചു വെച്ചുകൊണ്ട് ശാരീരികബന്ധത്തിനായി സ്ത്രീയുടെ അനുമതി നേടിയാൽ മാത്രമേ ഇത് പീഡനമായി കണക്കാക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.

ഇടുക്കി സ്വദേശിയായ രാമചന്ദ്രൻ എന്ന ചന്ദ്രൻ (35) നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് മുഹമ്ദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിയ്ക്ക് വിധിച്ച ജീവപര്യന്തം തടവ് കോടതി റദ്ദാക്കി.

കേസിലെ പ്രതിയായ ചന്ദ്രൻ 10 വർഷത്തോളമായി ബന്ധുവായ യുവതിയുമായി പ്രണയത്തിലയിരുന്നു. തുടർന്ന് ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യാൻ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനു ശേഷം മൂന്ന് തവണ ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. 2014 ഏപ്രിൽ 3 മുതൽ 5 വരെയുള്ള ദിവസങ്ങളിലായിരുന്നു സംഭവം. എന്നാൽ ഏപ്രിൽ എട്ടിന് ചന്ദ്രൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയായിരുന്നു. ഇതോടെ തന്നെ വിവാഹവാഗ്ദാനം നൽകി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ ചന്ദ്രനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയ്ക്കുകയും ചെയ്തു. ഈ വിധിയ്‌ക്കെതിരെ അപ്പീലുമായി ചന്ദ്രൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

എന്നാൽ പ്രതി ലൈംഗികബന്ധം നടത്തിയത് ബലപ്രയോഗത്തിലൂടെയാണെന്ന ആരോപണം യുവതി ഉന്നയിച്ചിരുന്നില്ല. എന്നാൽ ശരിയായ വിവരങ്ങൾ മറച്ചുവെച്ച് പ്രതി യുവതിയിൽ നിന്ന് ലൈംഗികബന്ധത്തിന് അനുമതി തേടുകയായിരുന്നു എന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും പരാതിക്കാരിയുടെ മൊഴിയും ഇത് സാധൂകരിക്കുന്നുണ്ടെന്നും കോടതി കണ്ടെത്തി. ശാരീരികബന്ധം ഉണ്ടായതിനു പിന്നാലെ മറ്റൊരാളെ വിവാഹം ചെയ്തു എന്നതിന്റെ പേരിൽ മാത്രം അനുമതിയില്ലാത്ത ലൈംഗികബന്ധം നടന്നെന്ന നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി.

വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് പ്രതി യുവതിയുമായി കിടക്ക പങ്കിട്ടതെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധനം ഇല്ലാതെ പരാതിക്കാരിയെ വിവാഹം കഴിക്കുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നുവെന്നും ഇക്കാര്യം പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ നിന്ന് വ്യക്തമാണെന്നു കോടതി പറഞ്ഞു. വീട്ടുകാരുടെ എതിർപ്പ് മൂലമാണ് ചന്ദ്രന് യുവതിയെ വിവാഹം കഴിക്കാൻ സാധിക്കാതെ പോയത്. പീഡനം നടന്നെന്നു തെളിയിക്കുന്ന മറ്റൊരു തെളിവും ഇല്ലാത്തതിനാൽ ഇത് വാഗ്ദാനലംഘനമായി മാത്രമേ കാണാൻ കഴിയൂ എന്നും ഈ സാഹചര്യത്തിൽ പ്രതിയെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ബലാത്സംഗക്കേസുകളിൽ നിയമത്തിന് ലിംഗനിഷ്പക്ഷതയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ലൈംഗികകാര്യങ്ങളിൽ തീരുമാനമെടുക്കാൻ സ്ത്രീയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും നിയമം ഇത് അംഗീകരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ലൈംഗികകാര്യങ്ങളിൽ പുരുഷന് മേധാവിത്വമുണ്ടെന്ന നിഗമനത്തിന്റെ അടിസ്താനത്തിലാണ് നിയമം ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധം സാധ്യമാക്കുന്നതും ശാരീരികബന്ധത്തിന് സമ്മതം നൽകാനുള്ള സ്ത്രീയുടെ സ്വാതന്ത്യം ലംഘിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കുന്നത്.

എന്നാൽ വിവാഹവാഗ്ഗാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ കുറ്റക്കാരനായി പ്രഖ്യാപിക്കണമെങ്കിൽ സ്ത്രീയുടെ സമ്മതം നേടിയത് വസ്തുതകൾ മറച്ചുവെച്ചാണെന്ന് ഇരയുടെ മൊഴികളിൽ നിന്നും തെളിവുകളിൽ നിന്നും വ്യക്തമാകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here