പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തും ഊര്‍ജ്ജവും നല്‍കുവാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു. ചുരുങ്ങിയ നാളുകള്‍കൊണ്ട് അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവത്തകര്‍ക്കിടയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കു നേത്ര്വത്വം നല്‍കിയ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നാഷണല്‍ കമ്മിറ്റിയംഗങ്ങള്‍ .ഏപ്രില്‍ 3 ഞായറാഴ്ച വൈകുനേരം 6:30 നു സൂം പ്ലാറ്റ് ഫോമില്‍ ചേര്‍ന്നാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്

കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഒഐസിസി യുഎസ്എ യുടെ പ്രഥമ നാഷനല്‍ കമ്മിറ്റിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 28 അംഗങ്ങള്‍ പങ്കെടുത്തു. മൗനപ്രാര്‍ത്ഥനയ്ക്കു ശേഷം ആരംഭിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടര്‍ന്ന് ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലും തുടങ്ങുവാനുള്ള സാഹചര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

കെപിസിസി യുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അമേരിക്കയില്‍ ഒഐസിസി യുഎസ്എ ആരംഭിക്കുന്നതിന് വേണ്ട പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കി സഹായിച്ച കെപിസിസി പ്രസിഡണ്ട് കെ.സുധാകരനും ഒഐസിസി ഗ്ലോബല്‍ പ്രസിഡണ്ട് കുമ്പളത്തു ശങ്കരപിള്ളയ്ക്കും പ്രത്യേക നന്ദി അറിയിച്ചു. തുടര്‍ന്ന് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ സ്വയം പരിചയപ്പെടുത്തി. പരിചയപെടുത്തലിനു ശേഷം സംഘടനയുടെ വളര്‍ച്ചക്കുവേണ്ട നിരവധി തീരുമാനങ്ങള്‍ എടുത്തു. മെമ്പര്‍ഷിപ് ക്യാമ്പയിന്‍ ശക്തമാക്കുന്നതിന്ന് തീരുമാനിച്ചു.

ആദ്യഘട്ടമായി മെയ് 31 നു മുമ്പ് 1000 പേരെ അംഗങ്ങളായി ചേര്‍ക്കുന്നതിന് തീരുമാനിച്ചു. 15 ഡോളറോ (1000 ഇന്ത്യന്‍ രൂപയോ) നല്‍കി സംഘടനയില്‍ അംഗത്വം എടുക്കാവുന്നതാണ്. ഇപ്പോഴുള്ള നോര്‍ത്തേണ്‍, സതേണ്‍ റീജിയനുകള്‍ക്കു പുറമെ വെസ്റ്റേണ്‍, ഈസ്റ്റേണ്‍ റീജിയനുകള്‍ കൂടി രൂപീകരിക്കുന്നതാണ്. അമേരിക്കയിലുള്ള നിരവധി കോണ്‍ഗ്രസ് അനുയായികളുടെ ആവശ്യ പ്രകാരം അമേരിക്കയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ചാപ്റ്ററുകള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു. നിലവിലുള്ള നോര്‍ത്തേണ്‍, സതേണ്‍ റീജിയനല്‍ കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു കൂട്ടുന്നതാണ്.

സംഘടനയുടെ സുഗമമായ നടത്തിപ്പിന് ബൈ ലോ ഉണ്ടാക്കുന്നതിന് ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഡോ.അനുപം രാധാകൃഷ്ണന്‍, ഈശോ സാം ഉമ്മന്‍ എന്നിവരാണ് ബൈ ലോ കമ്മിറ്റി അംഗങ്ങള്‍. 2022 ജൂണ്‍ മാസം വിവിധ കോണ്‍ഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയില്‍ സംഘടനയുടെ ഔപചാരിക ഉത്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.

ഒഐസിസിയൂഎസ്എ യുടെ ഫേസ്ബുക് പേജ് സജീവമാണെന്നും, വെബ്‌സൈറ്റ് ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാകുമെന്നും സൈബര്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ചെയര്‍ ടോം തരകന്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്കയിലെ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളായ ഡോ. ചാക്കൊത്ത് രാധാകൃഷ്ണന്‍, ഡോ.അനുപം രാധാകൃഷ്ണന്‍, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഡോ.സാല്‍ബി പോള്‍ ചെന്നോത്ത്, രാജന്‍ തോമസ്, രാജന്‍ തോമസ്, ജോസഫ് ലൂയി ജോര്‍ജ് എന്നിവരും മീറ്റിംഗില്‍ പങ്കെടുത്ത് അവരുടെ നിര്‍ലോപമായ സഹകരണവും പൂര്‍ണ പിന്തുണയും അറിയിച്ചു. എല്ലാ നാഷണല്‍ കമ്മിറ്റി അംഗങ്ങളും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.നാഷണല്‍ ട്രഷറര്‍ സന്തോഷ് ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here