കോഴിക്കോട്: കോടഞ്ചേരിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷിജിൻ എം എസിന്റെ മിശ്രവിവാഹത്തിനു പിന്നാലെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം എൽ എയുമായ ജോർജ് എം തോമസ് നടത്തിയ പ്രസ്താവനയിൽ സിപിഎമ്മിൽ ഭിന്നത. പാർട്ടിക്ക് ദോഷം വരുത്തിയ ഷിജിനെതിരെ നടപടി എടുക്കുമെന്ന ജോർജ് എം തോമസിന്റെ പ്രസ്താവന ശരിയായിെല്ലന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. അതേസമയം വിവാഹത്തിൽ ലൗ ജിഹാദ് ഉൾപെട്ടിട്ടില്ലെന്നും പാർട്ടി പ്രവർത്തകനെതിരെ യാതൊരു നടപടിയും കൈക്കൊള്ളില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കി. ഇന്ന് കോടഞ്ചേരിയിൽ നടന്ന വിശദീകരണ യോഗത്തിലാണ് പി മോഹനൻ നയം വ്യക്തമാക്കിയത്.

കോടഞ്ചേരിയിൽ ക്രിസ്ത്യൻ മതത്തിൽപെട്ട യുവതിയെ മുസ്ലീം സമുദായത്തിൽ പെട്ട ഡി വൈ എഫ് ഐ നേതാവ് വിവാഹം കഴിക്കുകയും പിന്നാലെ യുവതിയുടെ ബന്ധുകൾ വിവാഹത്തിന് പിന്നിൽ ലൗ ജിഹാദ് ആണെന്ന ആരോപണമുയർത്തി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് രംഗത്തെത്തിയതോടെ വിവാദത്തിന് തീപ്പിടിച്ചു. വിവാഹം ലൗ ജിഹാദ് ആന്നെന്ന് ശരിവെക്കുന്നതായിരുന്നു ജോർജ് എം തോമസിന്റെ പ്രസ്താവന

എന്നാൽ വിമർശനം വലിയ വിഷയമായി മാറിയതോടെ  മിശ്രവിവാഹത്തെ കുറിച്ച് താൻ നടത്തിയ അഭിപ്രായപ്രകടനത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് ജോർജ് എം തോമസ് രംഗത്തെത്തി. ലൗ ജിഹാദ് നടന്നിട്ടില്ലെന്നും എന്നാൽ ഒളിച്ചോടിയുള്ള വിവാഹം ഒരു സമുദായത്തെ വൃണപ്പെടുത്തിയെന്നും ജോർജ് എം തോമസ് പ്രതികരിച്ചു.

ജോർജ് എം തോമസിന്റെ പ്രസ്താവനക്കെതിരെ ശക്തമായ രീതിയിലാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. സമസ്ത മേഖലയിലും തീവ്രവാദം പിടിമുറുക്കുന്ന കാലത്തു ഇരുവരുടയും വിവാഹം പുതുതലമുറയ്ക്കു മാതൃകയാണെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇതിന് പിന്നാലെ ജോർജ് എം തോമസിന്റെ പ്രസ്താവന പൂർണമായും തള്ളുന്നതായിരുന്നു സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്റെയും നിലപാട്. വിവാഹത്തിന് പിന്നിൽ ലൗ ജിഹാദല്ലെന്നും പാർട്ടി പ്രവർത്തകനെതിരെ യാതൊരു നടപടിയും കൈക്കൊള്ളില്ലെന്നും ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കേണ്ടിയും വന്നു.

അതിനിടെ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷിജിനൊപ്പം ഇറങ്ങിത്തിരിച്ചതെന്ന് വ്യക്തമാക്കി കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയായ ജോയ്‌സ്‌ന ജോസഫ് രംഗത്തെത്തി. ഷിജിനെതിരെ തെറ്റായ പ്രചാരണമാണ് നടക്കുന്നത്. ഇത് നിർത്തണം. കുറച്ചുകാലമായി താനും ഷിജിനും തമ്മിൽ ഇഷ്ടത്തിലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം  തങ്ങൾ വിവാഹിതരായിരിക്കുന്നുവെന്നും ജോയ്‌സന പറഞ്ഞു.

പാർട്ടി നേതൃത്വത്തെ അറിയിക്കാതെ വിവാഹം നടത്തിയതാണ് സി പി എം നേതാക്കളെ ചൊടിപ്പിച്ചത്. എന്നാൽ സി പി എം പ്രവർത്തകന്റെ വിവാഹത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവ് നടത്തിയ അഭിപ്രായ പ്രകടനം അസ്ഥാനത്തുള്ളതും അപക്വവുമാണെന്നാണ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം. മുതിർന്ന നേതാക്കൾ ആരും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here