ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയായി സോണി അമ്പൂക്കൻ മത്സരിക്കുന്നു.  കണക്ടിക്കറ്റിലെ കേരള അസോസിയേഷൻ ഓഫ് കണക്ടിക്കറ്റിന്റെ(കെ.എ. സിടി )  ഭാഗമായ സോണി അമ്പൂക്കൻ  നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗം കൂടിയാണ്. ഫൊക്കാന മലയാളം അക്കാഡമിയുടെ കമ്മിറ്റി അംഗങ്ങളിലൊരാളായ സോണി ഫൊക്കാന മലയാളം അക്കാഡമിയുടെ ഭാഗമായ ‘അക്ഷര ജ്വാല’ എന്ന പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരിൽ ഒരാൾകൂടിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് – ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയിൽ ഫൊക്കാനയെ  ഒന്നാം സ്ഥാനത്തെത്തിച്ചതിന് ലയാളം എന്റെ മലയാളം പദ്ധതിയുടെ ഫൊക്കാനയുടെ  കോർഡിനേറ്റർ ആയ സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം തേടിയെത്തിയിരുന്നു.വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളിൽ മലയാളം അറിയാത്തവരെ മലയാളം പഠിപ്പിക്കാൻ മുൻകൈയെടുത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ അംബാസിഡർമാരാക്കാൻ അമേരിക്കൻ മലയാളികളെ പ്രാപ്തരാക്കിയതിനാണ്  ഫൊക്കാനയ്ക്കും ഈ പരിപാടിയുടെ കോർഡിനേറ്റർ ആയിരുന്ന സോണി അമ്പൂക്കനും അംഗീകാരം ലഭിച്ചത്.

കേരള സർക്കാരിന്റെ ‘മലയാളം മിഷൻ’, ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായ ‘ മലയാളം എന്റെ മലയാളം’, ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്‌മെൻറ്റിന്റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവർത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്നേച്ചർ പദ്ധതിയായ ഭാഷക്കൊരു ഡോളർ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്.

തൃശൂരിലെ പ്രശസ്തമായ അമ്പൂക്കൻ കുടുംബാംഗമായ സോണി മാളക്കടുത്ത് പുത്തൻചിറ സ്വദേശിയാണ്. പിതാവ് കെ.വി. തോമസ് ഓറിയന്റൽ ഇൻഷുറൻസിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ആനി വീട്ടമ്മ കുറച്ചുകാലം അധ്യാപികയായും സേവനം ചെയ്തിട്ടുണ്ട്. ഇളയസഹോദരന്മാർ: മോണി (സ്റ്റാൻഫോർഡ്, കണക്ടിക്കറ്റ്) ടോണി (കിംഗ്സ്റ്റൺ, കാനഡ)


തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദം നേടിയ സോണി എൻ.ഐ.ടി. സൂററ്റ്‌കലിൽ നിന്നും എം ടെക്ക് ബിരുദാന്തര ബിരുദം നേടിയ ശേഷം  കാമ്പസ് ഇന്റർവ്യൂവിലൂടെ  ടി.സി.എസ് എന്ന കമ്പനി വഴി അമേരിക്കയിൽ എത്തിയ സോണി വിവിധ റോളുകളിലായി വിവിധ നഗരങ്ങളിൽ ഐ.ടി. മാനേജ്‌മെന്റ് – ലീഡർഷിപ്പ് തലങ്ങളിൽ ദീർഘകാലമായി തിളങ്ങി വരുന്ന മികച്ച ഐ.ടി. പ്രൊഫെഷണൽ ആണ്. സീയാറ്റിനിലായിരുന്നു ആരംഭം. പിന്നീട് ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ നഗരങ്ങളിലും പ്രവർത്തിച്ച ശേഷം 2008 മുതൽ കണക്കറ്റിൽ സ്ഥിരതാമസമാക്കി. ഇതിനിടെ   യൂണിവേഴ്സിറ്റി ഓഫ് ഹാർട്ട്ഫോഡിൽ നിന്ന് എം.ബി. എ, എം.ഐ. ടി. സ്ലോൺ മാനേജ്‌മെന്റിൽ നിന്ന് എക്സിക്യൂട്ടീവ് എഡ്യൂക്കേഷൻ എന്നീ ഉന്നത ബിരുദങ്ങളും  കരസ്ഥമാക്കി.

കേരള അസോസിയേഷൻ ഓഫ് കണെക്ടിക്റ്റ് (കെ. എ. സി.ടി) യുടെ 2018-2020 കലയളവിലെ ഭരണസമിതിയിൽ പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച പ്രാസംഗികൻ കൂടിയായ സോണി അമ്പൂക്കൻ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്റ്റ് 51 ന്റെ  ഗവർണർ പദവിയും നിർവഹിച്ചിരുന്നു. ഹാർട്ട് ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ ലൈഫ് സ്പീഡ് ക്ലബ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചിരുന്നു.

ഫൊക്കാനയുടെ നിലവിലുള്ള ഭരണ സമിതിയിലെ വ്യത്യസ്തമായ കാഴ്ചപ്പാടും പുരോഗമന ചിന്താഗതികളുമുള്ള യുവാക്കളുടെ പ്രതിനിധികളിൽപ്പെട്ട നാഷണൽ കമ്മിറ്റി അംഗമാണ് സോണി അമ്പൂക്കൻ. ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് സോണി അമ്പൂക്കൻ അടുത്ത ഭരണസമിതിയിൽ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ആയി മത്സരിക്കുന്നത്.
ഭാര്യ: മരിയ തൈവളപ്പിൽ മക്കൾ: അബിഗെയ്‌ൽ, അന്നബെൽ, ആൻഡ്രൂ.

LEAVE A REPLY

Please enter your comment!
Please enter your name here