
ന്യുയോർക്ക് ∙ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിൽ തിരിമറി നടത്തിയതിനെ തുടർന്ന് ആരോപണ വിധേയനാകുകയും, പിന്നീട് അറസ്റ്റിലാകുകയും ചെയ്ത ന്യുയോർക്ക് ലഫ്റ്റനന്റ് ഗവർണർ ബ്രയാൻ ബെഞ്ചമിൻ രാജിവച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ഉടനെ രാജി സമർപ്പിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ലഫ്റ്റ്. ഗവർണറുടെ രാജി സ്വീകരിച്ചതായി ന്യുയോർക്ക് ഗവർണർ കാത്തി ഹോച്ചൽ അറിയിച്ചു.
നിയമ നടപടികൾ തുടരവെ ലഫ്റ്റ്. ഗവർണർ സ്ഥാനത്തിരിക്കുന്നതിന് അദ്ദേഹത്തിന് അർഹതയില്ലെന്നും, ന്യുയോർക്കിലെ ജനങ്ങൾക്ക് ഭരണത്തിൽ പരിപൂർണ്ണ വിശ്വാസം ഉണ്ടാകണമെങ്കിൽ രാജിവയ്ക്കുക മാത്രമേ മാർഗ്ഗമുള്ളൂവെന്നും ഗവർണർ ഹോച്ചൽ പറഞ്ഞു.
ന്യുയോർക്ക് സിറ്റി ഫെഡറൽ ജഡ്ജിയുടെ മുന്നിൽ ബ്രയാൻ ഹാജരായതായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അറിയിച്ചു. തെളിവുകളുടെ വെളിച്ചത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. സാമ്പത്തിക തിരിമറി, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ബ്രയാൻ ബെഞ്ചമിനെതിരെ ചുമത്തിയിരിക്കുന്നത്.