തൃശൂർ: ഒൻപതുവർഷം നീണ്ട രോഗപീഡയ്ക്ക് ശേഷം 34 കാരനായ ഫാ. പോൾ ഇന്നു കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു. ഇത്രയും നാൾ വൈദികനായിരുന്നിട്ടും കാർമികനാകുന്ന ആദ്യ പെസഹ ആണ് ഇന്ന്.

വൈദിക പട്ടം സ്വീകരിക്കുന്നതിന് ഒന്നരവർഷം മുൻപാണ് അത് സംഭവിച്ചത്. രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോൾ ഫാ പോൾ കള്ളിക്കാടന്റെ ഇടതു കണ്ണിൽ ഇരുട്ട്. വൈദിക പട്ടം സ്വീകരിക്കൽ ചടങ്ങിന് ഒരുങ്ങിയിരിക്കെ രണ്ടാം കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. 2014 ജനുവരി ഒന്നിന് കാഴ്ചയില്ലാതെ വൈദിക പട്ടം സ്വീകരിച്ചു.

ദൈവഹിതനായി അന്ധത സ്വീകരിച്ച പോൾ കുർബാന മുടക്കിയില്ല. വായിക്കേണ്ട ബൈബിൾ ഭാഗവും കുർബാന മുഴുവനും റെക്കോർഡ് ചെയ്തു വീണ്ടും വീണ്ടും കേട്ടു പഠിച്ചു. ആദ്യം നാലു മാസത്തോളം സഹവികാരിയായെങ്കിലും രണ്ടാം വർഷം മുതൽ ആരോഗ്യപ്രശ്നം രൂക്ഷമായി. ശരീരത്തിന്റെ പ്രതിരോധശേഷി അമിതമാകുന്ന ബേഷെറ്റ്സ് ഡിസീസ് എന്ന അപൂർവ രോഗമാണ് കാഴ്ച ഇല്ലാതാക്കിയത്. ഇടയ്ക്കിടെ എത്തുന്ന പനി മൂർച്ഛിച്ച് തളർന്നുവീണു.

മരണക്കിടക്കയിലെന്നതുപോലെ ഐസിയുവിൽ. 75 വയസായ വൈദികരെ വിശ്രമജീവിതത്തിന് പാർപ്പിക്കുന്ന പീസ് ഹോമിൽ പ്രവേശിക്കപ്പെട്ടത് 28ാം വയസിൽ. മൂന്നു വർഷത്തെ അന്ധതക്കൊടുവിൽ‌ വലതു കണ്ണിന് കാഴ്ച തിരികെ കിട്ടി പിന്നീട് കൗൺസലിങ്ങിലൂടെ രോഗികൾക്ക് ആശ്വാസമായി ജൂബിലി ആശുപത്രിയില സ്പിരിച്വൽ ഡയറക്ടർ ജോലിയിൽ മുഴുകി. രണ്ടുമാസം മുൻപാണ് തൃപ്രയാർ താന്ന്യം പള്ളിയിൽ വികാരിയായി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഫാ. പോളിനെ നിയമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here