തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ചീഫ് ഓഫീസിന് മുന്നിൽ സമരം നടത്താനൊരുങ്ങി സിഐടിയു. വിഷുവിന് മുൻപ് ശമ്പളം നൽകിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് യൂണിയനുകൾ അറിയിച്ചിരുന്നു. സമരത്തിന് ബിഎംഎസും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താനാണ് സിഐടിയു ഒരുങ്ങുന്നത്. ഈ മാസം 28ന് സൂചനാ പണിമുടക്കും അടുത്ത മാസം 19 മുതൽ ചീഫ് ഓഫീസുകൾക്ക് മുന്നിൽ സിഐടിയു സമരവും നടത്തുമെന്നാണ് പ്രഖ്യാപനം. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ വിഷുവിന് മുൻപ് ശമ്പളം ലഭിക്കണമെന്ന ജീവനക്കാരുടെ ആവശ്യം സഫലമാകില്ല.

പ്രാപ്‌തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. മൂന്നക്ഷരം വച്ചുകൊണ്ട് ഇരുന്നാൽ പോരെന്ന് സിഎംഡിയ്ക്ക് എതിരെയും വിമർശനം ഉയർന്നു. കിട്ടുന്ന പണം മാനേ‌ജ്‌മെന്റ് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. കഴിഞ്ഞ മാസം വരുമാനം കിട്ടിയ 165 കോടി വകമാറ്റി ചിലവഴിച്ചു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ല. ക്യത്യമായി ശമ്പളം ഉറപ്പാക്കുന്നതുവരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി.

അതേസമയം, 30 കോടി രൂപ കിട്ടിയാലും മതിയാകില്ല, ശമ്പളം മുഴുവൻ കൊടുത്ത് തീർക്കാൻ ഇനിയും 50 കോടിയെങ്കിലും സർക്കാർ നൽകേണ്ടിവരുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നു. കൂടുതൽ സഹായം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. എന്നാൽ പെൻഷൻ ബാദ്ധ്യതയടക്കം ഈ മാസം മാത്രം ഇതിനോടകം 230 കോടി രൂപ അനുവദിച്ചെന്നും കൂടുതൽ തുക ഉടൻ നൽകാനാവില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here