ന്യൂഡൽഹി: 137 ദിവസത്തെ ഇടവേളയ്കക്ക് ശേഷം മാർച്ച് 22 മുതൽ ഇന്ധന വില വർദ്ധിച്ചു തുടങ്ങിയിരുന്നു. പൊതുജനങ്ങളെ അപ്പാടെ വലച്ചുകൊണ്ട് ലിറ്ററിന് ഏകദേശം 10 രൂപയോളമാണ് തുടർന്നുള്ള ദിവസങ്ങളിൽ പെട്രോളിനും ഡീസലിനുമായി വർദ്ധിച്ചത്. ഏറ്റവും ഒടുവിൽ ഇന്ധന വില കൂടിയത് ഏപ്രിൽ ആറിനാണ്. അതിനു ശേഷം ഒരാഴ്ചയോളമായി ഇന്ധവിലയിൽ വലിയ മാറ്റമില്ലാതെ തുടരുകയാണ്.

ചില്ലറ വിൽപന വിലയുടെ വലിയൊരു ഭാഗവും കേന്ദ്ര എക്‌സൈസ് തീരുവയും സംസ്ഥാനങ്ങൾ ചുമത്തുന്ന വാറ്റുമാണ്. ഡൽഹിയിലെ കാര്യമെടുത്താൽ പെട്രോൾ വിലയുടെ 42 ശതമാനവും ഡീസലിന്റെ 37 ശതമാനവും നികുതിയാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടെ എക്‌സൈസ് തീരുവ വലിയ തോതിലാണ് വർദ്ധിച്ചത്. 2014ൽ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നത് ഇപ്പോൾ 27.9 രൂപയായി ഉയർന്നു. ഡീസലിന്റെ കാര്യമാണെങ്കിൽ 3.18 രൂപയായിരുന്നത് 21.8 രൂപയായി. ഇതോടെ ഇന്ധനങ്ങളിൽ നിന്നുള്ള നികുതി വരുമാനം 1.78 ലക്ഷം കോടിയിൽ നിന്ന് 2021 ൽ 3.72 ലക്ഷം കോടി രൂപയായി ഉയർന്നു.

രാജ്യത്തെന്പാടും വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടും ഇന്ധനനികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറല്ലെന്നു തന്നെയാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എണ്ണകമ്പനികൾ അവർക്ക് താങ്ങാനാവുന്ന വിധത്തിൽ വിലയിൽ മാറ്റം വരുത്തണമെന്നാണ് സർക്കാരിന്റെ പക്ഷം.

അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലക്കയറ്റം നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും സർക്കാരിന്റെ കീഴിലുള്ള ഇന്ധന കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തിടെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചർച്ചയിൽ ഇന്ധനതീരുവ വെട്ടിക്കുറയ്ക്കാനുള്ള നിർദേശം ധനമന്ത്രാലയം അംഗീകരിച്ചില്ല. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ എണ്ണ വിലയിൽ വലിയ വ്യത്യാസമുള്ളതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പെട്രോളിന് എട്ടു രൂപയും ഡീസലിന് 18 രൂപയുമാണ് നിലവിലുള്ള വ്യത്യാസം. എന്നിരുന്നാലും ഇന്ധന നികുതിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. അച്ചാ ദിൻ വരുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

LEAVE A REPLY

Please enter your comment!
Please enter your name here