കേരളത്തിലെ പ്രധാന കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ ഫലമാണ് വിഷുവുമായി ബന്ധപ്പെട്ട പ്രധാന വിശ്വാസം.  വിഷുഫലം എന്നാണ് ഇത് അറിയപ്പെടുന്നത്.  കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം പൗരാണികകാലത്ത്  നിലവിലിരുന്ന പഞ്ചാംഗ പ്രകാരമുള്ള വർഷാരംഭത്തിന്റെ ആഘോഷമാണ് വിഷു.

നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം, രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു എന്നാണ് മറ്റൊരു  ഐതിഹ്യം.

വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.

വിഷുകണികണ്ടും, വിഷുകൈനീട്ടം നൽകിയുമൊക്കെയാണ് വിഷു ആഘോഷിക്കുന്നത്. വടക്കൻ കേരളത്തിൽ പടക്കം പൊട്ടിച്ചും സദ്യയൊരുക്കിയുമൊക്കെയാണ് വിഷു ആഘോഷിക്കുന്നത്.
തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്. ഐശ്വര്യസമ്പൂർണ്ണമായ, അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. വിശ്വാസം എന്തായാലും മലയാളികൾ ഏറെ ഒത്തൊരുമയോടെ കൊണ്ടാടുന്ന കാർഷിക സമൃദ്ധിയുടെ സ്മരണകളാണ് വിഷു. ഈ വിഷുദിനത്തിൽ എല്ലാവർക്കും നന്മ നേരാം.

എല്ലാ മലയാളികൾക്കും കേരളാ ടൈംസിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

പോൾ കറുകപ്പള്ളി
മാനേജിംഗ് ഡയറക്ടർ, കേരളാ ടൈംസ്

LEAVE A REPLY

Please enter your comment!
Please enter your name here