തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വീണ്ടും വിമർശനവുമായി സിഐടിയു. തങ്ങളും കൂടി പരിശ്രമിച്ചിട്ടാണ് അദ്ദേഹം മന്ത്രിയായത്. എന്നാൽ മന്ത്രി ജീവനക്കാർക്കെതിരെ തിരിഞ്ഞുവെന്ന് സിഐടിയു ആരോപിച്ചു.

ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നതിൽ കടുത്ത പ്രതിഷേധത്തിലാണ് സിഐടിയു. കെഎസ്ആർടിസി ആസ്ഥാനത്തിന് മുന്നിൽ ഇവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയ്ക്ക് ലഭിച്ചിട്ടില്ല.

ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം മന്ത്രിയ്ക്കുണ്ടെന്ന് കെഎസ്‌ആർടിഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാർ പറഞ്ഞു. കേരളത്തിൽ മറ്റൊരു വകുപ്പിലും ജീവനക്കാരുടെ ശമ്പളം കിട്ടാത്ത അവസ്ഥയില്ല. ഡീസൽ വില വർദ്ധനവും മാനേജ്‌മെന്റിന്റെ അനാസ്ഥയും മൂലം കെഎസ്‌ആർടിസിയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധിയുടെ പഴി ജീവനക്കാർ മാത്രം സഹിയ്ക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരം ചെയ്താൽ ശമ്പളം കിട്ടുമോയെന്ന മന്ത്രിയുടെ പ്രസ്‌താവന ജീവനക്കാരെ വേദനിപ്പിച്ചെന്നും ശാന്തകുമാർ കൂട്ടിച്ചേർത്തു. ശമ്പള വിതരണത്തിലെ പ്രശ്നം പരിഹരിയ്ക്കാനായി മന്ത്രി ഇടപെടണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടു.

പ്രാപ്‌തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്ന് ആരോപിച്ച് നേരത്തെ സിഐടിയു രംഗത്തെത്തിയിരുന്നു. മൂന്നക്ഷരം വച്ചുകൊണ്ട് ഇരുന്നാൽ പോരെന്ന് സിഎംഡിയ്ക്ക് എതിരെയും ഇവർ വിമർശനം ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here