കൊച്ചി: സി പി എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെ കെ പി സി സിയുടെ പ്രധാന ശത്രുവായി മാറിയിരിക്കുകയാണ് കെ വി തോമസ്. വിലക്ക് ലംഘിച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് കെ സുധാകരനും വി ഡി സതീശനും അടക്കമുള്ള നേതാക്കൾ കെ വി തോമസിനെതിരെ ഉയർത്തുന്നത്. കാരണം കാണിക്കലിലേക്കും വിശദീകരണം തേടലിലേക്കും കാര്യങ്ങളെത്തി നിൽക്കുന്ന സാഹചര്യത്തിലും പരസ്പരം ആരോപണങ്ങൾ ആവർത്തിക്കുകയാണ് നേതൃത്വവും തോമസും.

ഏറ്റവുമൊടുവിൽ കെ സുധാകരനടക്കമുള്ള കെ പി സി സി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയാണ് കെ വി തോമസ്. 2014 മുതൽ തന്നെ പുറത്താക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്നാണ് കെ വി തോമസിന്റെ ആരോപണം. തന്നെ മാറ്റി നിർത്താൻ കോൺഗ്രസിനുള്ളിൽ തന്നെ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നതെന്നും കെ വി തോമസ് കുറ്റപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ താൻ നേരിട്ട വിമർശനങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കെ വി തോമസിന്റെ ആരോപണം.

സുധാകരനെ രൂക്ഷ ഭാഷയിലാണ് കെ വി തോമസ് വിമർശിക്കുന്നത്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചില്ല. അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെ പോലും നടപടിയെടുത്തില്ല. സി പി എം പാർട്ടി കോൺഗ്രസിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ഇന്ന് എ ഐ സി സി നേതൃത്വത്തിനോട് വിശദീകരണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് കിട്ടിയത് ഷോ കോസ് നോട്ടീസ് മാത്രമാണ്. വിശദീകരണം മെയിൽ വഴി നൽകി. നേരിട്ടു ബോധ്യപ്പെടുത്താൻ അവസരം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വാദങ്ങൾ സോണിയ ഗാന്ധിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നാവർത്തിച്ച കെ വി തോമസ് സൈബർ അറ്റാക്കിനെ കുറിച്ച് പ്രസിഡ്‌നറിനോട് നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും വിശദീകരിച്ചു. പാർട്ടി കോൺഗ്രസിൽ പങ്കെടുത്തു പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ബി ജെ പിക്ക് എതിരായ കൂട്ടായ്മയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here