തിരുവനന്തപുരം : എൽ ഡി എഫ് കൺവീനറായി സി പി എം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ പി ജയരാജനെ നിയമിച്ചു. തിരുവനന്തപുരത്ത് നടന്ന സി പി എം സംസ്ഥാന സമിതിയോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നിലവിൽ എ വിജയരാഘവനായിരുന്നു കൺവീനർ. സി പി എം പൊളിറ്റ് ബ്യൂറോയിലേക്ക തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് എൽ ഡി എഫ് കൺവീനറായി ഇ പി ജയരാജനെ ചുമതലയേൽപ്പിക്കുന്നത്.
മട്ടന്നൂരിൽ നിന്നും രണ്ടു തവണ നിയമസഭാംഗമായിരുന്ന ഇ പി ജയരാജന് ഇത്തവണ സീറ്റ് നൽകിയിരുന്നില്ല. ഇതിൽ ക്ഷൂഭിതനായ ഇ പി ജയരാജൻ ആരോഗ്യ കാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കോടിയേരി അവധിയിൽ പ്രവേശിച്ചപ്പോൾ പാർട്ടി സെക്രട്ടറിയുടെ ചുമതല എ വിജയരാഘവനായിരുന്നു, ഇതും ഇ പിയെ പ്രകോപിപ്പിച്ചു.

കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ നേരിട്ടെത്തി നടത്തിയ ഒത്തുതീർപ്പുണ്ടാക്കിയതിനു ശേഷമാണ് നിലപാടിൽ അയവുവരുത്താൻ ഇ പി തയ്യാറായത്. ഇതോടെയാണ് കോടിയേരിയുമായി ദീർഘകാലമായി നിലനിന്ന അകൽച്ചയ്ക്കും മാറ്റമുണ്ടായി.
 കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ സജീവമായിരുന്നു. പൊളിറ്റ് ബ്യൂറോയിലേക്ക് എ വിജയരാഘവൻ തെരഞ്ഞെടുക്കപ്പെടുകയും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള ചുമതല നൽകുകയും ചെയ്തതോടെയാണ് ഇ പിയെ പുതിയ സ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്.
ഇതോടെ മുഖ്യമന്ത്രിയും  പാർട്ടി സെക്രട്ടറിയും എൽ ഡി എഫ് കൺവീനറും കണ്ണൂരിൽ നിന്നായി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശികൂടി എത്തുന്നതോടെ പാർട്ടിയും സർക്കാരുമെല്ലാം കണ്ണൂർ പാർട്ടിയുടെ ആധിപത്യത്തിലാവും.

മുൻ മന്ത്രിമാരായ തോമസ് ഐസക്, എ കെ ബാലൻ, എ സി മൊയ്തീൻ എന്നിവരുടെ പേരുകളും എൽ ഡി എഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇ പിയെ തൽസ്ഥാനത്തേക്ക് അന്തിമമായി പരിഗണിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനമെടുക്കുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here