പാലക്കാട്: ഇരട്ടക്കൊലപാതകമുണ്ടായ പാലക്കാട്ട് ചേർന്ന സർവ്വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു. യോഗം പ്രഹസനമെന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്‌കരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് പാലക്കാട് കളക്ട്രേറ്റിൽ വച്ച് സർവ്വകക്ഷിയോഗം വിളിച്ചത്. മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.

അതേസമയം, പാലക്കാട് ഇരട്ടക്കൊലകളിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ് നേതാവ് ശ്രീനിവാസൻറെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ച ബൈക്കുകളിലൊന്ന് എത്തിച്ചത് അബ്ദുറഹ്‌മാൻ എന്ന ശംഖുവാരത്തോട്  സ്വദേശിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ചിറ്റൂർ സ്വദേശി അനിതയുടെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. അനിതയുടെ ഭർത്താവ് പണയം വച്ച ബൈക്ക് പല കൈമറിഞ്ഞാണ് കൊലയാളി സംഘത്തിൻറെ പക്കലെത്തിയത്.

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താൻ ആറംഗ അക്രമി സംഘമെത്തിയത് മൂന്നു ബൈക്കുകളിലായിരുന്നു. ഇതിലൊന്ന് കുന്നും പുറത്തെ പലചരക്ക് വ്യാപാരി ഷംഷുദ്ദീൻറെ പക്കലുണ്ടായിരുന്നതാണ്. ശനിയാഴ്ച രാവിലെ പത്തുമണിയോടെ ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്‌മാനാണ് ബൈക്ക് വാങ്ങിക്കൊണ്ടുപോയതെന്ന് ഷംഷുദ്ദീൻ  പൊലീസിന് മൊഴി നൽകി.

കെ എൽ 9 45 5724 നമ്പരിലുള്ള ബൈക്കിൻറെ  യഥാർഥ ഉടമ ചിറ്റൂർ സ്വദേശി അനിതയാണ്. രണ്ടുകൊല്ലം മുമ്പ് ഏഴായിരം രൂപയ്ക്ക് ബൈക്ക് പണയം വച്ചെന്നാണ് അനിത പറയുന്നത്. പാലക്കാട് സ്വദേശി റഷീദിനാണ് വണ്ടി നൽകിയത്. റഷീദത് ഒലവക്കോട് സ്വദേശിക്ക് മറിച്ചു നൽകി. ഇതാണ് ഒടുവിൽ കുന്നംപുറത്തെ പലചരക്ക് വ്യാപാരിയുടെ കൈയ്യിലെത്തിയത്. അബ്ദുറഹ്‌മാനെയും ബൈക്കും കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമെന്ന് അന്വേഷണ സംഘം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here