തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. സര്‍വ്വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനം ലഭിച്ചത്.

എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സീറ്ററിന് 15,66,415 രൂപയും, നോണ്‍ എ.സി സര്‍വ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവില്‍ 30 ബസുകളാണ് സര്‍വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍ സര്‍വ്വീസിലെ എട്ട് ബസുകളും ബാഗ്ലൂര്‍ സര്‍വീസാണ് നടത്തുന്നത്. എ.സി സീറ്റര്‍ ബസുകള്‍ പത്തനംതിട്ട-ബാഗ്ലൂര്‍, കോഴിക്കോട്-ബാഗ്ലൂര്‍ എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോണ്‍ എ.സി സര്‍വ്വീസ് നടത്തുന്നത്.

 

ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here