തിരുവനന്തപുരം: സിൽവർ ലൈൻ (SilverLine Project) വിരുദ്ധർക്ക് പറയാനുള്ളതു കേൾക്കാൻ സർക്കാർ വേദി ഒരുക്കുന്നു. പദ്ധതിയുടെ പ്രധാന വിമർശകരായ അലോക് കുമാർ വർമ, ആർ വിജി മേനോൻ എന്നിവരെ കെ റെയിൽ (K-Rail)കോർപ്പറേഷൻ സംഘടിപ്പിക്കുന്ന സെമിനാറിലേക്കു ക്ഷണിച്ചു. 28 ന് തിരുവനന്തപുരത്താണ് സെമിനാർ. സർക്കാർ നിർദേശപ്രകാരമാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

എതിർക്കുന്നവരെ കേൾക്കുന്നില്ലെന്നും ഏകപക്ഷീയമായി മുന്നോട്ടു പോകുന്നു എന്നുമുള്ള വിമർശനത്തിനു മറുപടിയാണ് സെമിനാർ. വാദിക്കാനും ജയിക്കാനുമല്ലാ, അറിയാനും അറിയിക്കാനുമാണ് സെമിനാർ എന്ന് കെ റെയിൽ കോർപ്പറേഷൻ അറിയിച്ചു. പദ്ധതിയെ എതിർക്കുന്ന മൂന്നു പേരും അനുകൂലിക്കുന്ന മൂന്നു പേരും ചർച്ചയിൽ സംസാരിക്കും.

സിൽവർലൈൻ ഡിപിആർ തയാറാക്കുന്നതിനു രൂപീകരിച്ച സമിതിയിൽ ഉണ്ടായിരുന്ന റിട്ട. ചീഫ് ബ്രിഡ്ജ് എൻജിനീയർ അലോക് വർമ, ആര്‍വിജി മേനോൻ, ജോസഫ് സി.മാത്യു എന്നിവരാണ്  ചർച്ചയിൽ പങ്കെടുക്കുന്ന കെ-റെയിൽ വിമർശകർ. റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രന്‍നായർ തുടങ്ങിയവർ  പദ്ധതിക്കു വേണ്ടി സംസാരിക്കും.

സയൻസ് ആൻഡ് ടെക്നോളജി പ്രിന്‍സിപ്പൽ സെക്രട്ടറി കെ.പി.സുധീറാണ് മോഡറേറ്റർ. രണ്ടു മണിക്കൂർ ചർച്ച കേൾക്കാൻ 50 ക്ഷണിക്കപ്പെട്ട അതിഥികളുണ്ടാകും. മാധ്യമങ്ങൾക്കു ചർച്ചയിലേക്കു ക്ഷണമുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ അലോക് വർമയ്ക്ക് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സന്ദർശന അനുമതി നിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here