തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നാളെ ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ജോർജ്ജിന്റെ ജാമ്യം പിൻവലിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെടുക. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് പി സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്.

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കണോ അതോ പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തണോ എന്ന കാര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്. ജാമ്യം ലഭിച്ചതിനു പിന്നാലെ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ പി സി ജോർജ്ജ് വിദ്വേഷ പരാമർശം വീണ്ടും ആവർത്തിച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പി സി ജോർജ്ജിനെതിരെ പോലീസ് കേസെടുത്തത്. എന്നാൽ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ജോർജ്ജിന് ജാമ്യം ലഭിച്ചു. വിശദമായ വിവരങ്ങൾ മേൽക്കോടതിയെ അറിയിക്കണമെന്നും ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷ്ണർക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

‘കച്ചവടം ചെയ്യുന്ന മുസ്ലിങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു.’ തുടങ്ങിയ പ്രസ്താവനകളാണ് അനന്ദപുരി ഹിന്ദുമഹാ സമ്മേളനത്തിൽ പി സി ജോർജ്ജ് നടത്തിയത്.

തിരുവനന്തപുരത്തുവെച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് എ ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here