കൊച്ചി :   യുഡിഎഫിനും കോൺഗ്രസിനും ശക്തമായ സ്വാധീനമുള്ള തൃക്കാക്കര മണ്ഡലത്തിൽ ഡോ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കി ശക്തമായ മത്സരം കാഴ്ചവെക്കാനാണ് സി പി എം ശ്രമം. 43 കാരനായ ഡോക്ടറെ സ്ഥാനാർത്ഥിയാക്കുമ്പോൾ യുവത്വമെന്ന പരിഗണനയും വോട്ടർമാർക്കിടയിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഹൃദ്രോഗ വിദഗ്ദ്ധൻ, സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഡോ ജോ ജോസഫ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയിലാണ് ഇദ്ദേഹത്തിന്റെ സ്ഥിരതാമസം. എറണാകുളം ലിസി ആശുപത്രിയിൽ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ജോ ജോസഫ് നേതൃത്വം നൽകിയിട്ടുണ്ട്. സഭയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ലിസി ഹോസ്പിറ്റലിലെ ഡോക്ടർ കൂടിയായ ജോ ജോസഫിന് സഭാവിശ്വാസികൾക്കിടയിലുള്ള സ്വീകാര്യതയും സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടാൻ കാരണമായി. പാർട്ടി അംഗമായതിനാൽ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലായിരിക്കും മത്സരിക്കുക. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തയ്യറാവുന്ന പൊതുസമ്മതനായ സ്ഥാനാർത്ഥിയെയാണ് സി പി എം പരിഗണിച്ചിരുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് ജോ ജോസഫ് എംബിബിഎസ് ബിരുദം നേടിയത്. കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് ദില്ലി എയിംസിൽ നിന്ന് ഹൃദ്രോഗ ചികിത്സയിൽ ഡിഎം നേടിയ ശേഷം കേരളത്തിലായിരുന്നു ഡോ ജോ ജോസഫിന്റെ ഔദ്യോഗിക ജീവിതം.

പ്രോഗ്രസീവ് ഡോക്ടേർസ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവർത്തനത്തിന് ഡോ ജോ ജോസഫ് നേതൃത്വം നൽകുന്നുണ്ട്. ഹാർട്ട് ഫൗണ്ടേഷന്റെ ട്രെസ്റ്റിയാണ്. ആരോഗ്യ പ്രശ്‌നങ്ങളിൽ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ഹൃദയപൂർവം ഡോക്ടർ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. പ്രളയ കാലത്തെ സന്നദ്ധ പ്രവർത്തനത്തിന് പുരസ്‌കാരം ലഭിച്ചതും ജോ ജോസഫിന്റെ പൊതുജീവിതത്തിന്റെ മേന്മയായി ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നു.

കോട്ടയം ജില്ലയിലെ പൂഞ്ഞാർ കളപ്പുരയ്ക്കൻ കുടുംബാംഗമാണ് ഡോ ജോ ജോസഫ്. കെ എസ് ഇ ബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനാണ്. 1978 ഒക്ടോബർ 30ന് ചങ്ങനാശ്ശേരിയിലാണ് ജനനം. തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടർ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാൻ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here