കൊച്ചി : അനിശ്ചിതത്വങ്ങൾക്കൊടുവിൽ എൽ ഡി എഫ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ ജോ ജോസഫാണ് സ്ഥാനാർത്ഥി. വാഴക്കാലയിൽ താമസക്കാരനായ ഡോ ജോ ജോസഫ് കോതമംഗലം സ്വദേശിയാണ്.  സിപിഎം പാർട്ടി ചിഹ്നത്തിലാകും അദ്ദേഹം തൃക്കാക്കരയിൽ മത്സരിക്കുക.
സഭയുടെ പ്രതിനിധിയായാണോ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എത്തിയതെന്ന ചോദ്യത്തിന് ഒരു സാമുദായിക സംഘടനയുടെയും പ്രതിനിധിയല്ലെന്നും, ഞാൻ എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നും ഡോ ജോ ജോസഫ് പറഞ്ഞു. പഠനകാലം മുതൽ ഇടതു പക്ഷത്തോട് ആഭിമുഖ്യം പുലർത്തിയ ആളായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച അനുഭവമൊന്നും തനിക്കില്ലെന്നും, എന്നാൽ എല്ലാ കാലത്തും പുരോഗമന പ്രസ്ഥാനത്തിനൊപ്പമായിരുന്നു തന്റെ മനസെന്നും അദ്ദേഹം പറഞ്ഞു. എന്നും ഹൃദയപക്ഷത്തായിരുന്നു. നിലവിൽ സി പി എം അംഗമാണ്. അതിനാൽ പാർട്ടി ചിഹ്നത്തിൽ തന്നെയാണ് മത്സരിക്കുക. ആകസ്മികമായാണ് സ്ഥാനാർത്ഥിയാവാനുള്ള അവസരം കൈവന്നതെന്നും, സ്ഥാനാർത്ഥിയാവുന്നതിൽ ഏറെ അഭിമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര യു ഡി എഫിന്റെ ശക്തി കേന്ദ്രമാണല്ലോ എന്ന ചോദ്യത്തിന് പാലായ്ക്ക് മാറാമെങ്കിൽ തൃക്കാക്കരയ്ക്കും മാറാൻ പറ്റുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.

എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ ഡോക്ടർ ജോലി ചെയ്യുന്ന ലിസി ഹോസ്പിറ്റലിൽ വച്ചാണ് മാധ്യമ പ്രവർത്തകരെ കണ്ടത്. പ്രശസ്ത കാർഡിയോളജിസ്റ്റായ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തോടൊപ്പമാണ് ഡോ ജോ ജോസഫ് മാധ്യമങ്ങളെ കണ്ടത്. രാജ്യത്താകമാനം രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ തൃക്കാക്കരയിലും സംഭവിക്കുമെന്നും വലിയ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥിത്വത്തെ കാണുന്നതെന്നും ഡോ ജോ ജോസഫ് പറഞ്ഞു.

ദിവസങ്ങൾ നീണ്ടു നിന്ന സസ്‌പെൻസുകൾക്ക് ഒടുവിലാണ് ജോ ജോസഫിലേക്ക് സിപിഎമ്മെത്തിയത്. നേരത്തെ സജീവ സിപിഎം പ്രവർത്തകനായ കെ എസ് അരുൺ കുമാർ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നുവെങ്കിലും ഒടുവിൽ പൊതുസമ്മതൽ എന്ന നിലയിൽ ജോ ജോസഫിലേക്ക് സിപിഎം എത്തുകയായിരുന്നു. ജില്ലാ കമ്മറ്റി യോഗത്തിലെല്ലാം അരുണിന്റെ പേരാണ് പരിഗണിക്കപ്പെട്ടതെങ്കിലും ഒടുവിൽ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളടക്കം പരിഗണിച്ചാണ് പുതുമുഖ സ്ഥാനാർത്ഥിയെ സിപിഎം തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here