രാജേഷ് തില്ലങ്കേരി

കൊച്ചി:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഡോ ജോ ജോസഫിനെ ഇ പി ജയരാജൻ പ്രഖ്യാപിച്ചു. കാക്കനാട് വാഴക്കാല സ്വദേശിയാണ്. ലിസി ആശുപത്രിയിലെ ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ദനാണ് ജോ ജോസഫ്.  പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിലായിരിക്കും സ്ഥാനാർത്ഥി മത്സരിക്കുക. നഗര കേന്ദ്രീകൃതമായ മണ്ഡലമാണ് തൃക്കാക്കര.

പല പ്രമുഖരുമായി നടത്തിയ ചർച്ചകളിലൂടെയും കൂടികാഴ്ചകളിലൂടെയുമാണ് ഡോ ജോ ജോസഫിൽ സ്ഥാനാർത്ഥിത്വം എത്തിയത്. ക്രിസ്ത്യൻ വോട്ടർമാർ നിർണായകമായ തൃക്കാക്കരയിൽ സഭാ നേതൃത്വത്തിന്റെ കൂടി അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. പി ടി തോമസിനെ നേരിടാനായി എറണാകുളം മെഡിക്കൽ സെന്ററിലെ ഡോക്ടറായ ഡോ ജെ ജേക്കബ്ബിനെയായിരുന്നു എൽ ഡി എഫ് കളത്തിലിറക്കിയത്.

എറണാകുളം ജില്ലയിൽ അറിയപ്പെടുന്ന ഹൃദ് രോഗ വിദഗ്ധനാണ് ഡോ ജോ ജോസഫ്. ബഹുജനങ്ങളുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ഡോ ജോ ജോസഫെന്നും പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യകതയില്ലാത്ത സ്ഥാനാർത്ഥിയെയാണ് എൽ ഡി എഫ് തൃക്കാക്കരയിലേക്ക് പരിഗണിച്ചതെന്നും  ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമൂഹത്തിൽ വലിയ സ്വീകാര്യതയും ബഹുജനാടിത്തറയുമുള്ള ഡോക്ടറാണ് ജോ ജോസഫ്. സ്ഥാനാർത്ഥിയെ കുറിച്ച് എല്ലാ ഘടക കക്ഷികൾക്കും ഏറെ സന്തോഷവും സംതൃപ്തിയുമാണ്. എൽ ഡി എഫിനായി നിങ്ങൾ പ്രതീക്ഷിക്കാത്ത പലരും പ്രചരണത്തിനായി രംഗത്ത് വരും. 12 ന് വൈകിട്ട് എൽ ഡി എഫ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സ്ഥാനാർത്ഥികൾക്ക് ക്ഷാമമുള്ള പാർട്ടിയല്ല നമ്മുടേത്. മാധ്യമങ്ങൾ പ്രഖ്യാപിക്കുന്നതല്ല പാർട്ടി സ്ഥാനാർത്ഥിയായി വരികയെന്നും, തെറ്റായ പ്രചരണം നടത്തിയ മാധ്യമ പ്രവർത്തകർ ഇളിമ്പ്യരായി മാറിയെന്നും ഇ പി ജയരാജൻ പറഞ്ഞു.  പാപം ചെയ്തവർ അനുഭവിച്ചു കൊള്ളുകയെന്നും ജയരാജൻ പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ കാലതാമസമുണ്ടായെന്ന പ്രചാരണം ശരിയല്ല. എൽ ഡി എഫിലും സി പി എമ്മിലും സ്ഥാനാർത്ഥിയെ ചൊല്ലി  അഭിപ്രായ ഭിന്നയതയാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സ്വന്തം പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും ജയരാജൻ ആരോപിച്ചു.
അരുൺകുമാർ എൽ ഡി എഫ് സ്ഥാനാർത്ഥിയെന്ന് പ്രചരിപ്പിച്ചത് ആശയകുഴപ്പം സൃഷ്ടിക്കാനായാണ്. ഇന്നലെ തെറ്റായ വാർത്ത നൽകിയത് മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാൻ കാരണമായി. തെറ്റായ വാർത്ത പലരും വിശ്വസിച്ചു, പാർട്ടി പ്രവർത്തകർ മാധ്യമങ്ങളുടെ ചതി തിരിച്ചറിഞ്ഞില്ലെന്നും മന്ത്രി പി രാജീവും ആരോപിച്ചു.

കേരളത്തിന്റെ പൊതുവായ സമഗ്ര വികസനം, കേരളീയ സമൂഹത്തിൽ എൽ ഡി എഫിന് നേടാനായ അംഗീകാരം, പിണറായി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ ഇവയാണ് തെരഞ്ഞെടുപ്പിൽ മുഖ്യമായും ചർച്ച ചെയ്യേണ്ടത്. ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വരുമ്പോൾ  91 സീറ്റാണ് ലഭിച്ചത്.  രണ്ടാം പിണറായി സർക്കാരിലേക്ക് എത്തുമ്പോൾ സീറ്റുകളുടെ എണ്ണം 99 ൽ എത്തി. ബഹുജനങ്ങൾക്കിടയിൽ കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രളയവും മഹാമാരിയും നേരിട്ടപ്പോൾ ജനങ്ങളെ ചേർത്തു പിടിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതാണ് ജനകീയ സർക്കാരിന് ലഭിച്ച പിന്തുണ.

ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഇനിയും കേരളത്തിൽ നടപ്പിലാക്കേണ്ടതുണ്ട്. ഭവനരഹിതരുള്ള കേരളം, തൊഴിൽ രഹിതരില്ലാത്ത കേരളം ഇതാണ് എൽ ഡി എഫിന്റെ  പ്രഖ്യാപിത ലക്ഷ്യം.  ദേശീയ രാഷ്ട്രീയത്തിൽ ഒരു ബദൽ രൂപപ്പെടുത്തിയെടുക്കാൻ എൽ ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. എൽ ഡി എഫ് അജയ്യ ശക്തിയായിമാറും. കേരളത്തിൽ യു ഡി എഫ് ദുർബല പ്പെടുകയാണ്. ഘടക കക്ഷികൾ പലരും അകന്നു പോവുന്നു. വികസന വിരുദ്ധരായി മാറിയിരിക്കയാണ് അവർ. ഇത് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.  തൃക്കാക്കരയുടെ സമ്പൂർണ  വികസനമാണ് എൽ ഡി എഫിന്റെ ലക്ഷ്യം. അതിനുള്ള പദ്ധതികൾ നടപ്പാക്കാനായി എൽ ഡി എഫ് വിജയിക്കമം. കൊച്ചി നഗരത്തോടെ ഇടകലർന്നു നിൽക്കുന്നതാണ് തൃക്കാക്കര മണ്ഡലം. വികസന കാര്യത്തിൽ  കൊച്ചിയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മാറ്റിയെടുക്കണം. ലോകത്തിലെ ഏറ്റവും വികസനമുള്ള നഗരമായി കൊച്ചിയെ മാറ്റണം. അതിനായിരിക്കണം മുൻഗണനയെന്നും ഇ പി ജയരാജൻ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here