കർദിനാൾ മാർ ആലഞ്ചേരി ഇടപെടില്ലെന്ന് ചെന്നിത്തല, സഭയ്‌ക്കെതിരെയുള്ള നീക്കം ദോഷം ചെയ്യുമെന്നും സി പി എമ്മിനെ വിശ്വസിക്കണമെന്നും ഡൊമനിക് പ്രസന്റേഷൻ

കൊച്ചി: എൽഡിഎഫ് സ്ഥാനാർഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചതിനു പിന്നിൽ കത്തോലിക്കാ സഭയ്ക്ക് പങ്കുണ്ടെന്ന കോൺഗ്രസ് വാദം തള്ളി രമേശ് ചെന്നിത്തല. സഭ സ്ഥാനാർഥിയെ നിശ്ചയിക്കുമെന്ന് കരുതുനില്ലെന്നും കർദിനാൾ ജോർജ് ആലഞ്ചേരി ഇത്തരം ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. ഇത്തരം ഇടപെടലുകൾ നടത്തുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.

ജോ ജോസഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നിൽ സഭയ്ക്ക് പങ്കുണ്ടെന്ന വാദം മുൻനിർത്തി കോൺഗ്രസ് പ്രചാരണം തുടരുന്നതിനിടെയാണ് പാർട്ടിയുടെ വാദം തള്ളി മുൻ പ്രതിപക്ഷ നേതാവ് രംഗത്തെത്തുന്നത്. സഭയെ ഇത്തരം പ്രചാരണങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കോൺഗ്രസ് പ്രചാരണം തള്ളി എറണാകുളത്തു നിന്നു തന്നെയുള്ള മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡൊമിനിക് പ്രസന്റേഷനും രംഗത്തെത്തിയിട്ടുണ്ട്. സഭയ്ക്ക് എതിരെ നടത്തുന്ന പ്രചാരണം നെഗറ്റീവാകുമെന്നാണ് ഡൊമിനിക് പ്രസന്റേഷൻ ഏഷ്യാനെറ്റ് ന്യൂസിനോടു പ്രതികരിച്ചത്. സഭയല്ല സ്ഥാനാർഥിയെ നിശ്ചയിച്ചതെന്നും ഇത് സഭാ നേതൃത്വം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. സഭയുടെ സ്ഥാനാർഥിയല്ലെന്ന സി പി എമ്മിന്റെ വാദം വിശ്വസിക്കണമെന്നും ഡൊമിനിക് പ്രസന്റേഷൻ വ്യക്തമാക്കി.

എൽ ഡി എഫ് സ്ഥാനാർഥിയെ പുരോഹിതർക്കൊപ്പം അവതരിപ്പിച്ച രീതി സംബന്ധിച്ച് സീറോ മലബാർ സഭയിലെ വിമത വൈദികർ അടക്കം വിമർശനം തുടരുന്നതിനിടയിലാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയോ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയോ നിലപാട് എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജനും പ്രതികരിച്ചു. ആശുപത്രിയിൽ വെച്ച് സ്ഥാനാർഥിയെ പരിചയപ്പെടുത്തിയതിൽ തെറ്റില്ലെന്നും മതപുരോഹിതരെ അനാവശ്യമായി വിവാദത്തിൽ വലിച്ചിഴയ്ക്കരുതെന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here