കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കത്തോലിക്കാ സഭയെ വലിച്ചിഴച്ചത് ഫസിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പി.രാജീവിന്റെ ശ്രമം. സഭയുടെ നോമിനിയാണോയെന്ന് സ്ഥാനാര്‍ത്ഥിയോട് ചോദിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് വരുത്തി തീര്‍ക്കാന്‍ സഭയുടെ സ്ഥാപനത്തിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചത് പി.രാജീവാണ്. സ്ഥാനാര്‍ത്ഥിയുടെ പത്രസമ്മേളനത്തിലേക്ക് സ്ഥാപനത്തിന്റെ ഡയറക്ടറായ വൈദികനെ സിപിഎം വലിച്ചിഴച്ചു. ഇതിലെ തര്‍ക്കം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം ശ്രമിക്കേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

വിവാദത്തില്‍ നേരത്തെ വി.ഡി സതീശനെ കടന്നാക്രമിച്ചത് മന്ത്രി പി.രാജീവ് രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രതിപക്ഷം വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്ന് രാജീവ് ആരോപിച്ചിരുന്നു. എല്‍.ഡി.എഫ് ചെലവില്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമം. സഭയെ ഇതിലേക്ക് വലിച്ചിഴച്ചു. സഭാ നേതൃത്വത്തെ അവഹേളിക്കാനാണ് നീക്കം. എല്ലാ ഘടകങ്ങളും പരിശോധിച്ച് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ളത് ഞങ്ങളുടെ അവകാശം.

ആശുപത്രിയേയും അവഹേളിക്കാന്‍ ശ്രമിച്ചു. ലിസി ആശുപത്രി അറിയപ്പെടുന്നത് മതത്തിന്റെ പേരിലല്ല. കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കുന്ന ആശുപത്രിയാണ്. ആശുപത്രിയില്‍ പോയത് സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിക്കാനല്ല, വിവരം അറിയിക്കാനാണ് പോയത്. അതിനകംതന്നെ മാധ്യമങ്ങള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അവര്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ നില്‍ക്കണ്ട എന്നു കയറി ഇരുന്നതാണ്. ആശുപത്രി ഡയറക്ടറായ വൈദികന്‍ സംസാരിച്ചത് ആ പദവി അനുസരിച്ചാണ്. പ്രതിപക്ഷ നേതാവിനുള്ള മറുപടി രമേശ് ചെന്നിത്തലയും ഡൊമിനിക് പ്രസന്റേഷനും നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് കത്തോലിക്കാ സഭ ആണെന്ന് വിശ്വസിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഭ എപ്പോഴും ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്. അത്തരം പ്രചാരണത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. സഭയെ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കരുത്. രാഷ്ട്രീയ പോരാട്ടത്തിന് തൃക്കാക്കരയില്‍ സിപിഎം തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here